ബാംഗ്ലൂര്‍: അനധികൃതമായി 66 കോടിയുടെ സ്വത്തു സമ്പാദിച്ചെന്ന ആരോപണം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കോടതിയില്‍ നിഷേധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസം ബാംഗ്ലൂര്‍ പരപ്പന അഗ്രാഹാര ജയിലിലെ പ്രത്യേക കോടതിയില്‍ ഹാജരായപ്പോഴാണ് അവര്‍ ആരോപണങ്ങളെ ശക്തമായി എതിര്‍ത്തത്.

സാരികളുടേയും ചെരുപ്പുകളുടേയും ശേഖരം തന്റേതല്ലെന്ന് ജയലളിത കോടതിയില്‍ പറഞ്ഞു. അതേസമയം വജ്രാഭരണങ്ങളുടേയും സ്വര്‍ണത്തിന്റേയും തന്റേതാണെന്ന് അവര്‍ വ്യക്തമാക്കി. 1991 താന്‍ ആദ്യമായി മുഖ്യമന്ത്രി പദത്തില്‍ എത്തുന്നതിന് മുമ്പേ തന്നെ താന്‍ വാങ്ങിയതാണെന്നും ജയലളിത പറഞ്ഞു.

ജയലളിതയുടേത് എന്ന് ആരോപിക്കപ്പെടുന്ന ആഭരണങ്ങള്‍, സാരികള്‍, ചെരുപ്പുകള്‍ എന്നിവ സംബന്ധിച്ച് 187 ചോദ്യങ്ങളാണ് ജഡ്ജി അവരോട് ചോദിച്ചത്. 1,339 ചോദ്യങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ 567 ചോദ്യങ്ങള്‍ മാത്രമേ രണ്ട് ദിവസത്തിനിടെ ചോദിക്കാനായുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

കേസിലെ അടുത്ത വാദം നവംബര്‍ എട്ടിനാണ്. ശനിയാഴ്ച വാദം തുടരാം എന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലെയും ജയലളിതയുടെ ദല്‍ഹി യാത്ര മൂലം അത് മാറ്റിവയ്ക്കുകയായിരുന്നു.