ചെന്നൈ: കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള മുഴുവന്‍ വൈദ്യുതിയും തമിഴ്‌നാടിന് വേണമെന്ന് മുഖ്യമന്ത്രി ജയലളിത. ഇക്കാര്യം ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു.

തമിഴ്‌നാട്ടില്‍ നിലവില്‍ വന്‍ വൈദ്യുതി ക്ഷാമമാണുള്ളത്. ഇത് പരിഹരിക്കാന്‍ കൂടംകുളത്ത് നിന്നുമുള്ള മുഴുവന്‍ വൈദ്യുതിയും നല്‍കണമെന്നാണ് ജയലളിതയുടെ ആവശ്യം.

2,000 മെഗാവാട്ട് വൈദ്യുതിനിര്‍മാണം ലക്ഷ്യമിട്ടാണ് കൂടംകുളം നിലയം സ്ഥാപിക്കുന്നത്. ഇതില്‍ 975 മെഗാവാട്ട് വൈദ്യുതി തമിഴ്‌നാടിന് നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ വൈദ്യുതി  പ്രതിസന്ധി ചൂണ്ടിക്കാട്ടി 2,000 മെഗാവാട്ടും തമിഴ്‌നാടിന് തന്നെ നല്‍കണമെന്നാണ് ജയലളിത ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ കേരളത്തിന് വന്‍ വൈദ്യുതി നഷ്ടമാണുണ്ടാവുക. 172 മെഗാവാട്ടാണ് കൂടംകുളത്ത് നിന്നുള്ള കേരളത്തിന്റെ വിഹിതം.

അതിനിടെ, ജയിലില്‍ കഴിയുന്ന മുഴുവന്‍ സമരക്കാര്‍ക്കും ജാമ്യം ലഭിച്ചു. ആണവനിലയത്തിനെതിരായ സമരം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.