ചെന്നൈ: പാര്‍ട്ടി പോസ്റ്ററുകളില്‍ നേതാക്കളുടെ ഫോട്ടോകള്‍ അച്ചടിക്കുന്നതില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.എം.കെ നേതാവുമായ ജയലളിത നിയന്ത്രണം ഏര്‍പ്പെടുത്തി. പാര്‍ട്ടിയില്‍ ഗ്രൂപ്പിസം തടയാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇതനുസരിച്ച് ജയലളിത, ഇ.വി.ആര്‍ പെരിയാര്‍, സി.എന്‍ അണ്ണാദുരൈ, പാര്‍ട്ടി സ്ഥാപകന്‍ എം.ജി രാമചന്ദ്രന്‍ എന്നിവരുടെ മാത്രം ചിത്രങ്ങളെ പോസ്റ്ററുകളില്‍ അച്ചടിക്കാനാവൂ. പാര്‍ട്ടി ആസ്ഥാനത്ത് നിന്നുള്ള പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

പോസ്റ്ററുകള്‍, ബാനറുകള്‍ മറ്റു പ്രചാരണ സാമഗ്രികള്‍ എന്നിവയില്‍ തന്റേതും, പെരിയാറുടെയും, മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെയും മാത്രം ചിത്രങ്ങളേ അടിച്ചിറക്കാവൂ എന്ന് പാര്‍ട്ടി സ്ഥാപകനും മുഖ്യമന്ത്രിയുമായിരുന്ന എം.ജി.ആര്‍ നിര്‍ദേശിച്ചിരുന്നുവെന്ന് പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ജയലളിതയുടെ ചിത്രവും അച്ചടിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

ഒരു മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ അദ്ദേഹത്തിന്റെ മാത്രം ചിത്രം അച്ചടിക്കുകയും മറ്റു മന്ത്രിമാരുടെ ചിത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്ത ചില ഭാരവാഹികളുടെ നടപടി പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഘട്ടത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി പ്രസ്താവന. എതിര്‍ഗ്രൂപ്പുകള്‍ പാര്‍ട്ടി പോസ്റ്ററുകള്‍ നശിപ്പിക്കുന്ന സംഭവം വരെ ഉണ്ടായിരുന്നു. ഇത് മോശമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

സര്‍ക്കാര്‍ പരിപാടിയിലോ പാര്‍ട്ടി പരിപാടിയിലോ പങ്കെടുക്കുന്ന മന്ത്രിയുടെയോ എം.പിയുടെയോ എം.എല്‍.എയുടെയോ ചിത്രങ്ങള്‍ പോസ്റ്ററുകളിലോ ബാനറുകളിലോ അച്ചടിക്കാറില്ലെന്നും ഇതിന് പാര്‍ട്ടിയുടെ അംഗീകാരമില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.