ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നാളെ ബാംഗ്ലൂര്‍ ഹൈക്കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി. സുരക്ഷാ കാരണങ്ങളാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ജയലളിതയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു.

കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളില്‍ സുപ്രീംകോടതി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരംജയലളിതയുടെ സുരക്ഷയുടെ ഉത്തരവാദിത്തം കര്‍ണ്ണാടക ഏറ്റെടുക്കുന്നതായി തമിഴ്‌നാട് ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും കര്‍ണ്ണാടക സര്‍ക്കാര്‍ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Subscribe Us:

കനത്ത സുരക്ഷാവലയത്തിന്റെ അകമ്പടിയോടെയാകും നാളെ ജയലളിത ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതിയില്‍ എത്തുക.

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 96 വരെയുള്ള കാലയളവില്‍ അനധികൃതമായി 66 കോടി രൂപയുടെ സ്വത്തു സമ്പാദിച്ച കേസിലാണു ജയലളിത തോഴി ശശികലയ്ക്കും മറ്റു മൂന്നു പേര്‍ക്കുമൊപ്പം നിയമനടപടി നേരിടുന്നത്. തമിഴ്‌നാട്ടില്‍ ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ കേസ് വിചാരണ അവിടെ നടന്നാല്‍ തനിക്കു നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജയലളിത സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്കു കേസ് വിചാരണ മാറ്റുകയായിരുന്നു.