ചെന്നൈ: കരുണാനിധി സര്‍ക്കാര്‍ നിര്‍മ്മിച്ച പുതിയ നിയമസഭാ മന്ദിരം മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ജയലളിത. 14,00 കോടി രൂപ ചിലവിട്ടാണ് കരുണാനിധി സര്‍ക്കാര്‍ നിയമസഭാ മന്ദിരം നിര്‍മ്മിച്ചത്.

നിയമസഭാ മന്ദിരമായി സെന്റ് ജോര്‍ജ് കോട്ട നിലനിര്‍ത്താനാണ് ജയലളിതയുടെ തീരുമാനം. ദല്‍ഹിയിലെ എയിംസ് മാതൃകയില്‍ എല്ലാവിധ സജ്ജീകരണങ്ങളോടെയുമുള്ള ആസ്പത്രിയാക്കി മാറ്റാനാണ് തീരുമാനം. ജയലളിത നിയമസഭയെയാണ് ഇക്കാര്യം അറിയിച്ചത്.

97,289 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള മന്ദിരത്തിന്റെ എ ബ്ലോക്കാകും ആസ്പത്രിയാക്കി മാറ്റുക. നിര്‍മ്മാണം പുരോഗമിക്കുന്ന ബി ബ്ലോക്കില്‍ പുതിയൊരു മെഡിക്കല്‍ കോളജ് സ്ഥാപിക്കും. പാവങ്ങള്‍ക്കും പിന്നാക്കവിഭാഗത്തിനും ഇവിടെ സൗജന്യമായി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും.

400 കോടി ചിലവില്‍ നിര്‍മ്മാക്കനുദ്ദേശിച്ച ബഹുനില നിയമസഭാ മന്ദിരം പണി അവസാന ഘട്ടത്തിലെത്തിയപ്പോള്‍ ചിലവ് ആയിരംകോടി കടന്നിരുന്നു. ഇതില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുമുണ്ടെന്ന ആരോപണമുണ്ടായി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയിലെ റിട്ട. ജഡ്ജിയെ ഏകാംഗ കമ്മീഷനാക്കി നിയമിച്ചിരിക്കുകയാണ്. മൂന്നുമാസമാണ് റിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി. അതിന് ശേഷമായിരിക്കും ജയലളിതയുടെ അടുത്തനീക്കം.