ന്യൂദല്‍ഹി: അവിഹിതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ബംഗളൂരുവിലെ വിചാരണകോടതിയില്‍ ഹാജരായി. തന്റെ പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെല്ലാം കോടതിയില്‍ ജയലളിത നിഷേധിച്ചു. ജയലളിതയോടൊപ്പം കേസിലുള്‍പ്പെട്ട അടുത്തഅനുയായി ശശികലയും ഹാജരായിരുന്നു.

ഈ കേസില്‍ പുതുതായിട്ടൊന്നുമില്ലെന്നും താന്‍ ഇതിനു മുന്‍പും കോടതിയില്‍ ഹാജരായിട്ടുണ്ടെന്നും ജയലളിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Subscribe Us:

കോടതിയിലും പരിസരത്തും വന്‍സുരക്ഷാ സന്നാഹങ്ങളാണ് കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. കോടതി പരിസരത്ത് അഭിഭാഷകര്‍ക്ക് മാത്രമേ പ്രവേശനം നല്‍കിയിരുന്നുള്ളു. 20 കാറുകളുടെ അകമ്പടിയോടെയാണ് ജയലളിത കോടതിയിലെത്തിയത്. വിചാരണ അവസാനിക്കുന്നതുവരെ കോടതി പരിസരത്ത് സെക്ഷന്‍ 144 (നിരോധനാഞ്ജ) ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജയലളിത ഭരിച്ച 1991 മുതല്‍ 1996 വരെയുള്ള കാലത്ത് 66 കോടിയുടെ അവിഹിത സ്വത്ത് സമ്പാദിച്ചതായാണ് കേസ്. ആദ്യം സുബ്രഹ്മണ്യം സ്വാമിയാണ് ജയലളിതക്കെതിരെ പരാതി നല്‍കിയത്. ജയലളിത 66 കോടിയുടെ സ്വത്ത് അവിഹിതമായി സമ്പാദിച്ചുവെന്നാണ് ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി 1996ല്‍ നല്‍കിയ പരാതി. പിന്നീട് ഡി.എം.കെ കേസ് കൊടുത്തു. 2003ല്‍ സുപ്രീംകോടതിയാണ് കേസ് കര്‍ണാടകത്തിലേക്ക് മാറ്റിയത്. സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തി കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവ് നല്‍കണമെന്ന് സെപ്റ്റംബറില്‍ ആവശ്യപ്പെട്ട് ഹാജരായിരുന്നു. നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജയലളിത നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച തള്ളിയിരുന്നു.