ചെന്നൈ: രാഷ്ട്രീയത്തിലായാലും സൗഹൃദത്തിന് എന്നും വലിയ വില കല്‍പ്പിക്കുന്ന ഒരാളാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. പൊള്ളലേറ്റ് തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ കഴിയുന്ന തന്റെ സുഹൃത്തുകൂടിയായ സുകുമാരിയെ കാണാന്‍ അവര്‍ ഓടിയെത്തിയതും അതുകൊണ്ട് തന്നെയാണ്.

Ads By Google

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോഴും ജഗതിക്ക് എല്ലാവിധ സൗകര്യവും ചെയ്തുകൊടുക്കണമെന്ന് നിര്‍ദേശിക്കാനും ജയലളിത മറന്നിരുന്നില്ല.

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സുകുമാരിയെ കാണാന്‍ ജയലളിത എത്തിയത്. ലിസി പ്രിയദര്‍ശന്‍ വഴിയാണ് സുകുമാരിക്ക് അപകടം പറ്റിയ വിവരം ജയലളിത അറിയുന്നത്. ഉടന്‍ തന്നെ അവര്‍ സുകുമാരിയെകാണാനായി ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത യാത്രകളോ സന്ദര്‍ശനങ്ങളോ പതിവില്ലാത്ത ആളാണ് ജയലളിത എന്നാല്‍ പതിവുകള്‍ തെറ്റിച്ച് തന്റെ സുഹൃത്തിനടുത്ത് ഓടിയെത്താന്‍ ജയലളിത തയ്യാറായി.

അപ്രതീക്ഷിതമായി തന്നെ കാണാനെത്തിയ അതിഥിയെ കണ്ട് സുകുമാരി ഞെട്ടി. പിന്നെ ജയലളിതയുടെ കൈപിടിച്ച് വിങ്ങിപ്പൊട്ടി. പത്ത് മിനിറ്റിലേറെ സമയം ഇരുവരും സംസാരിച്ചു.

സുകുമാരിക്കൊപ്പവും ഭര്‍ത്താവും സംവിധായകനുമായ ഭീം സിങ്ങിന്റെ സിനിമകളിലും ജയലളിത അഭിനയിച്ചിട്ടുണ്ട്. സിനിമ അഭിനയത്തിന്റെ കാലത്ത് ഇരുവരും തമ്മില്‍ നല്ല സുഹൃത്തുക്കളായിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും ആ സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ജയലളിതയുടെ സന്ദര്‍ശനം.

ഡോക്ടര്‍മാരോട് സുകുമാരിയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയ ജയലളിത ഏറെ വിലപിടിപ്പുള്ള ജീവനാണ് നിങ്ങളുടെ കൈയ്യിലുള്ളതെന്നും അത് തിരികെ തരണമെന്നും കൂപ്പുകൈയ്യോടെ പറഞ്ഞു.

ഡോക്ടര്‍മാരുമായും ജയലളിത ചര്‍ച്ച നടത്തി. എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കാന്‍ ആശുപത്രി അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. പൊള്ളലിന്റെ രൂക്ഷത കൊണ്ട് വൃക്കയും തകരാറിലായ സുകുമാരിയെ രണ്ട് തവണ ഡയാലിസിസിനും വിധേയയാക്കി.

പൂജാമുറിയിയിലെ വിളക്കില്‍ നിന്നും പൊള്ളലേറ്റ് കഴിഞ്ഞ 25 ദിവസമായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് സുകുമാരി. ഏതാണ്ട് 35 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. കാലും വയറും നെഞ്ചിന്റെ ഭാഗവും പൊള്ളിയിട്ടുണ്ട്.

ആരോഗ്യമന്ത്രിയും ആരോഗ്യസെക്രട്ടറിയും ഡോക്ടര്‍മാരുടെ പ്രത്യേക സംഘവും ജയലളിതയെ അനുഗമിച്ചു. ചികിത്സക്കായി അഞ്ച് ലക്ഷം രൂപ നല്‍കുകയും ചെയ്തു.