ചെന്നൈ: അഴിമതി ആരോപണം നേരിടുന്ന കേന്ദ്ര ടെക്‌സ്റ്റൈല്‍സ് വകുപ്പ് മന്ത്രി ദയാനിധി മാരന്‍ രാജിവയ്ക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. മാരന്‍ ടെലികോം മന്ത്രിയായിരുന്നപ്പോള്‍ സ്‌പെക്ട്രം ലൈസന്‍സ് നല്‍കുന്നതില്‍ മനപൂര്‍വ്വം കാലതാമസമുണ്ടാക്കുകയും കോടികള്‍ സ്വന്തമാക്കുകയും ചെയ്തുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

ദയാനിധിമാരന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് ജയലളിത പറഞ്ഞു.

തെഹല്‍ക മാസികയില്‍ വന്ന പുതിയ റിപ്പോര്‍ട്ട് പ്രകാരം 2ജി ലൈസന്‍സ് അനുവദിച്ചുനല്‍കുന്നതില്‍ മാരന്‍ മനപൂര്‍വ്വം കാലതാമസമുണ്ടാക്കി. എയര്‍സെല്‍ പ്രമോട്ടറായ മാര്‍ക്‌സിസിനെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇതിനുപ്രത്യുപകരമായി മാരന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ഗ്രൂപ്പ് എന്ന കമ്പനിക്ക് 600 കോടി രൂപ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ ടെലികോം മന്ത്രി എ.രാജ, എം.പി കനിമൊഴി എന്നിവര്‍ക്കു പിന്നാലെ സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് വിവാദച്ചുഴിയിലകപ്പെടുന്ന മൂന്നാമത്തെ ഡി.എം.കെ നേതാവാണ് മാരന്‍. ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ റിപ്പോര്‍ട്ടില്‍ മാരന്റെ ടെലികോംമന്ത്രി സ്ഥാനം ചോദ്യം ചെയ്തിരുന്നു. നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് അദ്ദേഹത്തിന് ടെലികോംമന്ത്രി സ്ഥാനം നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.