ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടുവരുടെ ദയാഹരജി പരിഗണിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. നിയമസഭയില്‍ റൂള്‍ 110 അനുസരിച്ച് ജയലളിത നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നീ പ്രതികളുടെ ദയാഹരജി പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍ തള്ളിയതാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ വധശിക്ഷ റദ്ദ് ചെയ്യുന്നതിന് നടപടിയെടുക്കാന്‍ തനിക്ക് അധികാരമില്ല’ -ജയലളിത വ്യക്തമാക്കി.

കേസിലെ പ്രതിയായ നളിനിയുടെ വധ ശിക്ഷ ലഘൂകരിക്കാന്‍ 2000ത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത് അവര്‍ അമ്മയാണെന്നത് കണക്കിലെടുത്തായിരുന്നുവെന്നും ഈ മൂന്ന് പ്രതികളുടെ ശിക്ഷ ലഘൂകരിക്കാന്‍ അന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നില്ലെന്നും ജയലളിത വ്യക്തമാക്കി. ഇക്കാര്യമെല്ലാം അറിഞ്ഞുകൊണ്ട് കരുണാനിധി നാടകം കളിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

അതേസമയം ദയാഹരജി തള്ളിയ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ നടപടിക്കെതിരെ രാജീവ് വധക്കേസ് പ്രതികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കും. വ്യക്തമായ കാരണങ്ങളില്ലാതെയാണു ദയാഹരജി തള്ളിയതെന്നു കാണിച്ചു ഹൈക്കോടതിയില്‍ ഇന്ന് അപ്പീല്‍ നല്‍കാനാണു പ്രതികളുടെ അഭിഭാഷകര്‍ തീരുമാനിച്ചിട്ടുള്ളത്. ന്യൂദല്‍ഹിയില്‍ നിന്നു പ്രമുഖ അഭിഭാഷകരായ രാം ജഠ്മലാനി, അഫ്‌സല്‍ ഗുരുവിന്റെ അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകാനെത്തുമെന്നാണു സൂചന. മുംബൈ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ യുഗ് മോഹിത് ചൗധരിയും പ്രതികള്‍ക്കുവേണ്ടി ഹാജരായേക്കും.