കൊല്ലം: ” ഗോവിന്ദച്ചാമിമാരേക്കാള്‍ കഷ്ടമാണ് തീവണ്ടികളിലെ ടിക്കറ്റ് പരിശോധകരുടെയും പോലീസ് മുതല്‍ ചില സ്ഥിരം യാത്രികരായ ഉന്നത ഉദ്യോഗസ്ഥരുടെയും കൂട്ടുകെട്ട്” ട്രെയിന്‍ യാത്രക്കാരിയായ എം.ആര്‍ ജയഗീത സഹികെട്ട് പറയുകയാണ്. ചെന്നൈ മെയിലില്‍ യാത്ര ചെയ്തപ്പോള്‍ ടി.ടി.ഇമാരില്‍ നിന്നുണ്ടായ പീഡനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ സൗമ്യവധക്കേസിലെ ഗോവിന്ദച്ചാമിയുടെ മറ്റൊരു മുഖമാണ് അവരെന്ന് ജയഗീതയ്ക്കു തോന്നുന്നു.
ചെന്നൈ മെയിലിലെ ടിക്കറ്റ് പരിശോധകന്‍ ആദ്യം എന്നെ എ.സി കോച്ചിലിരിക്കാന്‍ ക്ഷണിച്ചു. ക്ഷണം നിരസിച്ചപ്പോള്‍ പ്രകോപിതനായ ടിക്കറ്റ് പരിശോധകന്‍ കൂട്ടുകാരനെ വിളിച്ചുവരുത്തി. ഇരുവരും ചേര്‍ന്ന് അശ്ലീലച്ചുവയുള്ള വാക്കുകള്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. “ഇനി നീ ട്രെയിനില്‍ കയറി യാത്ര ചെയ്യില്ല..” റെയില്‍വേ ടിക്കറ്റ് എക്‌സാമിനറുടെ യൂണിഫോം ധരിച്ച പ്രവീണിന്റെ വാക്കുകളാണിത്. പിന്നീട് പ്രവീണും കൂട്ടുകാരനും ചേര്‍ന്ന് അശ്ലീലച്ചുവയുള്ള വാക്കുകള്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ സീസണ്‍ ടിക്കറ്റ് സംഘടിപ്പിച്ചത് ആരെയോ വശീകരിച്ചാണെന്നായി. ഇതോടെ ഞാന്‍ തകര്‍ന്നു പോയി. ” യുവ കവയിത്രിയും പ്ലാനിംഗ് ഓഫീസിലെ റിസര്‍ച്ച് ഓഫീസറുമായ എം.ആര്‍. ജയഗീത തനിക്കുണ്ടായ ദുരനുഭവം വിവരിച്ചു.
” ഈ പീഡനം ഞാന്‍ മാത്രം അനുഭവിക്കുന്നതല്ല. ഒരുപാട് വനിതാ യാത്രികര്‍ സ്ഥിരമായി നേരിടുന്ന ദുരന്തമാണിത്. പലരും പറയാന്‍ മടിക്കുന്നത്, എന്റെ അനുഭവത്തിലൂടെ സ്ത്രീ സമൂഹത്തിനുവേണ്ടി തുറന്നു പറയുകയാണ്. എന്റെ വാക്കുകള്‍ എന്റെ സഹയാത്രികരുടെ രക്ഷയ്ക്കുകൂടിയാണെന്ന് കേരള സമൂഹം തിരിച്ചറിയണം. ഗോവിന്ദച്ചാമിമാരെക്കാള്‍ കഷ്ടമാണ് തീവണ്ടികളിലെ ടിക്കറ്റ് പരിശോധകരുടെയും പോലീസ് മുതല്‍ ചില സ്ഥിരം യാത്രികരായ ഉന്നത ഉദ്യോഗസ്ഥരുടെയും കൂട്ടുകെട്ട്. ഇവര്‍ നിരന്തം സ്ത്രീകളെ വലവീശിപ്പിടിച്ച് അവസാനം റാക്കറ്റുകളില്‍ എത്തിക്കുന്നു. കേരളത്തില്‍ ഇത് ആരുമറിയാതെ നടക്കുന്നു” ജയഗീത വെളിപ്പെടുത്തി.
ട്രെയിനില്‍ സീസണ്‍ ടിക്കറ്റ് എടുത്ത് യാത്ര തുടങ്ങിയ കാലം മുതല്‍ തന്നെ ടി.ടി.ഇമാരായ ജാഫറിന്റെയും പ്രവീണിന്റെയും പെരുമാറ്റം സഹിക്കാനാവുമായിരുന്നില്ല. ആസ്മ ഉള്ളതുകൊണ്ടാണ് തിരക്കില്‍ നിന്നൊഴിവാകാന്‍ ഫസ്റ്റ് ക്ലാസ് സീസണ്‍ ടിക്കറ്റെടുത്തത്. ചെന്നൈ മെയിലില്‍ കയറുമ്പോള്‍ സപ്ലിമെന്ററി ടിക്കറ്റെടുക്കും. ഇടയ്ക്ക് ജാഫര്‍ വന്ന എസിയില്‍ സീറ്റുണ്ട് അവിടെയിരിക്കാമെന്ന് പറയുമായിരുന്നു. ഞാന്‍ വായിക്കുകയോ പാട്ടുകേള്‍ക്കുകയോ ആയിരിക്കും. അപ്പോള്‍ ടി.ടി.ഇ അവിടെ വന്ന വിശേഷങ്ങള്‍ ചോദിക്കാറുണ്ട്. ഫസ്റ്റ് ക്ലാസിലെ സ്ഥിതി മോശമാണെന്ന് ഒരു സഹയാത്രിക ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു. കൊല്ലം സ്വദേശിയായ ഒരു സ്ത്രീയെ കൂട്ടുപിടിച്ച് ഇവര്‍ ഒന്നുരണ്ടുതവണ എന്നെ എസിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ സ്ത്രീയുമായി അടുപ്പം കാണിക്കാന്‍ ഞാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് ടി.ടി.ഇ മാര്‍ എനിക്കെതിരെ തിരിഞ്ഞത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ചെന്നൈ മെയിലില്‍ കയറി ടിക്കറ്റ് പരിശോധകന്‍ ഞാനിരുന്ന ഫസ്റ്റ് ക്ലാസ് കോച്ചിലെത്തി. എ.സിയിലിരിക്കാമെന്ന ക്ഷണം ഞാന്‍ നിരസിച്ചതോടെ സ്‌ക്വാഡ് കയറിയിട്ടുണ്ട് മാഡം വേഗം വരൂ എന്ന് അയാള്‍ പറഞ്ഞു. എന്റെ തൊട്ടടുത്ത് ഒരു കുടുംബവും ഉണ്ടായിരുന്നു. അവരുടെ അടുത്ത് നിന്ന് എന്നെ മാറ്റി അയാളുടെ അടുത്തെത്തിക്കുകയായിരുന്നു പദ്ധതി. സ്‌ക്വാഡ് കയറിയാല്‍ അത് ഞാന്‍ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. ടിക്കറ്റ് കാണിക്കൂവെന്നായി അടുത്ത ചോദ്യം. വെറുതെ വിടില്ല, നിന്നെ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തി.
സീസണ്‍ ടിക്കറ്റ് കാണിച്ചുകൊടുത്തപ്പോള്‍ അവര്‍ അതുമായി പോകാന്‍ ശ്രമിച്ചു. അതു പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് റെയില്‍വെ ഇന്റലിജന്‍സിലാണെന്നു പരിചയപ്പെടുത്തിയ ആള്‍ വന്നു ജാഫറിനെതിരെ പരാതിയുണ്ടോ എന്നന്വേഷിച്ചു. അയാളോട് തിരിച്ചറിയില്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ജെസ്‌മോന്‍ എന്നെഴുതിയ കാര്‍ഡ് കാണിച്ചുതന്നു. പിന്നീട് ഇവരെല്ലാം ചേര്‍ന്ന് അസഭ്യം പറിച്ചിലായി. ഉടന്‍ ഭര്‍ത്താവിനെ വിളിച്ച് കാര്യം പറഞ്ഞു. അതോടെ അവര്‍ ഭയന്നു. അല്പം കഴിഞ്ഞ് സീസണ്‍ ടിക്കറ്റ് തിരിച്ചുതന്നു ആരെയൊക്കെയോ വിളിച്ചശേഷം അവര്‍ പിന്‍വാങ്ങി. അപ്പോഴേക്കും ട്രെയിന്‍ കൊല്ലം സ്‌റ്റേഷനിലെത്തിയിരുന്നു. എന്റെ തലചുറ്റി വന്നു. ഇറങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ ചുമലിലേക്ക് തളര്‍ന്നു വീണു. പിന്നീട് ആശുപത്രിയിലെത്തിയപ്പോഴാണ് ബോധം വന്നത്.” ജയഗീത പറഞ്ഞു.
