Categories

കോണ്‍ഗ്രസ് വിമത ജയാഡാലിക്ക് സി.പി.ഐ.എം പിന്തുണ

തിരുവനന്തപുരം: കാട്ടാക്കടയില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി രംഗത്ത് വന്ന എം.വി ജയാ ഡാലിക്ക് ഇടത് പിന്തുണ. മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ ഇടതുപക്ഷം പിന്‍വലിച്ചു. യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും നിലവിലെ സംസ്ഥാന കമ്മിറ്റി പ്രതിനിധിയുമായ ജയാഡാലി കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചാണ് കാട്ടാക്കട മണ്ഡലത്തില്‍ വിമതയായി മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. ചെന്നിത്തലക്കെതിരെ രൂക്ഷമായ വിമര്‍ശനവും ജയാ ഡാലി ഉന്നയിച്ചു.

ജനാധിപത്യമഹിളാ അസോസിയേഷന്‍ ജില്ലാവൈസ് പ്രസിഡന്റായ ഷീലാരമണിയെയാണ് സി.പി.ഐ.എം ഇവിടെ നേരത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. ഇവര്‍ക്ക് വേണ്ടി ചുവരെഴുത്ത് ഉള്‍പ്പെടെ പ്രചാരണവും തുടങ്ങിയിരുന്നു. എന്നാല്‍, മണ്ഡലം കമ്മറ്റി ജയസാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നതോടെയാണ് ജില്ലാനേതൃത്വം പുതിയ സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള ആലോചനകള്‍ തുടങ്ങിയത്. ഇതിനിടെയാണ് ജയാഡാലി കോണ്‍ഗ്രസുമായി ഇടയുന്നുവെന്ന വിവരം സി.പി.എം ജില്ലാനേതൃത്വം അറിഞ്ഞത്. തുടര്‍ന്ന്, സ്വതന്ത്രയായി മത്സരിച്ചാല്‍ പിന്തുണക്കാമെന്ന് ഇവരെ അറിയിക്കുകയായിരുന്നു.

എന്‍.ശക്തനെയാണ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ഥിയാക്കി നിശ്ചയിച്ചത്. എന്നാല്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സ്ഥിരമായി മത്സരിക്കുകയും വിജിലന്‍സ് കേസില്‍ വിചാരണ നേരിടുകയും ചെയ്യുന്ന ശക്തനെ മത്സരിപ്പിക്കരുതെന്ന പ്രവര്‍ത്തകരുടെ വികാരം കണക്കാക്കാതെയാണ് നേതൃത്വം തീരുമാനമെടുത്തതെന്ന് ജയാഡാലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമ്പന്നര്‍ക്കും പാദസേവകര്‍ക്കും മാത്രം അവസരം നല്‍കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. പതിറ്റാണ്ടുകളായി അധികാരം കുത്തകയാക്കി വച്ചിരിക്കുന്നവര്‍ക്കാണ് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിന്റെ പെട്ടിചുമക്കുന്ന കുറച്ചുപേരെ കുത്തിനിറച്ചുകൊണ്ടുള്ള സ്ഥാനാര്‍ഥി പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.

ബിഷപ്പ് ഹൗസിനെതിരെയും കുരിശുമല തീര്‍ഥാടനത്തിന് എതിരെയും അക്രമം അഴിച്ചുവിടാന്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച ഡി.സി.സി പ്രസിഡന്റിനെയാണ് നേതൃത്വം പിന്തുണയ്ക്കുന്നത്. ടി.സിദ്ദീഖ്, ഒ.ആര്‍.രഘു എന്നിവരെയും സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കണമെന്നും ജയാഡാലി ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.