ചെന്നൈ:തമിഴ്‌നാട്ടില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയ്ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ അഭിനന്ദനം. ദല്‍ഹിയില്‍ വരുമ്പോള്‍ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാനും ജയലളിതയെ ക്ഷണിച്ചിട്ടുണ്ട്. ഡി.എം.കെയുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസ് എതിര്‍പാര്‍ട്ടിനേതാവിനെ അഭിനന്ദിച്ചതും വിരുന്നിന് ക്ഷണിച്ചതും രാഷ്ട്രീയചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് സൂചന.

ആകെയുള്ള 234 സീറ്റില്‍ 202 സീറ്റുനേടിയാണ് ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ കക്ഷി ഭൂരിപക്ഷം നേടിയത്. എം.കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യം 31 സീറ്റിലൊതുങ്ങുകയാണുണ്ടായത്. തെരഞ്ഞെടുപ്പില്‍ 123 സീറ്റില്‍ മത്സരിച്ച ഡി.എം.കെ 23 സീറ്റില്‍ മാത്രമാണ് വിജയിച്ചത്.

ഡി.എം.കെ യുടേതില്‍നിന്നും മറിച്ചല്ല കോണ്‍ഗ്രസിന്റെയും സ്ഥിതി. മത്സരിച്ച 63 സീറ്റില്‍ 5 സീറ്റുമാത്രമാണ് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനു ലഭിച്ചത്.

സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ചര്‍ച്ചകള്‍ എ.ഐ.എ.ഡി.എം.കെ എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ റോയ്‌പേട്ടയിലുള്ള പാര്‍ട്ടി ആസ്ഥാനത്തു പുരോഗമിക്കുകയാണ്.യോഗത്തില്‍ ജയലളിത പങ്കെടുത്തിരുന്നില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. പാര്‍ട്ടിയോഗം ജയലളിതയെ നിയമസഭാകക്ഷിനേതാവായി തെരഞ്ഞെടുത്തു.നാളെ 12.15ന് മദ്രാസ് സര്‍വകലാശാല ക്യാമ്പസിലുള്ള ശതാബ്ദിഹാളില്‍ ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അറുപത്തിമൂന്നുകാരിയായ ജയലളിത മൂന്നാംതവണയാണ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്.

ജയലളിത തമിഴ്‌നാട് ഗവര്‍ണര്‍ സുര്‍ജിത് സിംഗ് ബര്‍ണാലയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.