എഡിറ്റര്‍
എഡിറ്റര്‍
കോള്‍ഡ് കോഫിയും ബദാം മില്‍ക്കും ഐസ് ടീയും ; പിന്നാലെ ബര്‍ഗറും കൂക്കീസും സമൂസയും ; ഹോട്ടല്‍ മെനുവല്ല, ക്ഷേത്രത്തിലെ പ്രസാദം
എഡിറ്റര്‍
Monday 22nd May 2017 3:08pm

ചെന്നൈ: ക്ഷേത്രങ്ങളില്‍ നിന്നും പ്രസാദമായി സാധാരണ ലഭിക്കുന്നത് അവലും മലരും പഴവും പായസവും ഉണ്ണിയപ്പവുമൊക്കെയാണ് എന്നാല്‍ ബര്‍ഗറും കൂക്കീസും സമൂസയുമൊക്കെ പ്രസാദമായി കിട്ടുന്ന ഒരു ക്ഷേത്രമുണ്ട്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പടപ്പെയിലുള്ള ജയദുര്‍ഗാപീഠത്തിലാണ് വിചിത്രമായ ഈ ആചാരങ്ങള്‍.

ബര്‍ഗറും കുക്കീസും തുടങ്ങി പല പുതുതലമുറ ഭക്ഷണപാനീയങ്ങളും ഇവിടെ പ്രസാദമാണ്. പ്രസാദത്തില്‍ മാത്രമല്ല ക്ഷേത്രത്തിലെത്തുന്നതുമുതല്‍ അവിടെ നിന്ന് ഇറങ്ങുന്നതുവരെയുള്ള നടപടി ക്രമങ്ങളെല്ലാ തികച്ചും വ്യത്യസ്തമാണ്.


Dont Miss രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ ചെന്നൈയില്‍ പ്രതിഷേധം ശക്തം; താരത്തിന്റെ കോലം കത്തിച്ചു


ജയദുര്‍ഗാപീഠത്തില്‍ എത്തുമ്പോള്‍ തന്നെ മൊബൈല്‍ നമ്പര്‍ വഴി ഭക്തര്‍ക്കു പ്രത്യേക റജിസ്‌ട്രേഷന്‍ നമ്പര്‍ കൗണ്ടറില്‍നിന്നു നല്‍കും. കഴുത്തിലിടുവാന്‍ ടാഗും, കുപ്പിയില്‍ അരലീറ്റര്‍ മിനറല്‍ വാട്ടറും ഇവിടെനിന്ന് ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പ് ഓരോരുത്തര്‍ക്കും നല്‍കും. പുറത്തുനിന്നു ക്ഷേത്രത്തിലേക്കു പ്രവേശിക്കുമ്പോള്‍ തണുത്ത പനിനീരില്‍ മുക്കിയ തൂവാല മുഖം തുടയ്ക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ തന്നെ നല്‍കും.

ഇതിന് പിന്നാലെ കോള്‍ഡ് കോഫി, ബദാം മില്‍ക്ക്, ഐസ് ടീ, വിവിധ പഴങ്ങള്‍കൊണ്ടുള്ള ഫ്രഷ് ജൂസ് തുടങ്ങിയവയാണ് നല്‍കുക. ക്ഷേത്രത്തിലെ പ്രാര്‍ഥനകള്‍ക്കു ശേഷം പ്രസാദങ്ങള്‍ കഴിക്കാം. പ്രസാദം എന്ന് പറയുമ്പോള്‍ നമ്മുടെ അരിയും ശര്‍ക്കയും ഇട്ടിട്ടുള്ള പ്രസാദമൊന്നുമല്ല തക്കാളി റൈസ്, ചപ്പാത്തി, പൂരി, വെജിറ്റബിള്‍ കുറുമ പോലെയുള്ള പ്രസാദങ്ങളാണു ലഭിക്കുക. എന്നാല്‍ വിശേഷപൂജകള്‍ നടക്കുന്ന പൗര്‍ണമി, അമാവാസി ദിനങ്ങളിലും ക്ഷേത്രത്തിലെ മറ്റു പ്രധാന ആഘോഷങ്ങളിലും പ്രസാദമായി നല്‍കുന്നത് ബര്‍ഗര്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ

ജയദുര്‍ഗാപീഠത്തിനു വെളിയിലായി പ്രസാദം ഇരുന്നു കഴിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങളുമുണ്ട്.

ശുദ്ധിയോടും വൃത്തിയോടും കൂടി ഈശ്വരന് എന്തു സമര്‍പ്പിച്ചാലും അതിനെ ഭക്തര്‍ക്കു പ്രസാദമായി നല്‍കാമെന്നാണു ജയദുര്‍ഗാപീഠത്തിലെ മുഖ്യ ആചാര്യനായ ഡോ. ശ്രീ ശ്രീധര്‍ പറയുന്നത്. ഈ ആശയത്തില്‍ നിന്നാണു പരമ്പരാഗത സമ്പ്രദായങ്ങളെ മറികടന്നു പുതിയ രീതിയില്‍ പ്രസാദം നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഊട്ടുപുരയില്‍നിന്നു പ്രസാദം വാങ്ങിയ ശേഷം ക്ഷേത്രം സ്ഥാപിച്ച ശ്രീ ദുര്‍ഗൈ സിദ്ധരുടെ പ്രതിമയ്ക്കു മുന്നില്‍ നിന്നു പ്രാര്‍ഥനകള്‍ ഉരുവിടും. പ്രാര്‍ഥനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭക്തര്‍ ഒരുമിച്ചിരുന്നു പ്രസാദം കഴിക്കും. ഇതാണു ക്ഷേത്രത്തിലെ പതിവ്.

ശ്രീ ദുര്‍ഗൈ സിദ്ധരുടെ സമാധിസ്ഥലത്തിരുന്നു ഗുരുമന്ത്രം 21 തവണ പകര്‍ത്തി എഴുതി ക്ഷേത്രം ഓഫിസില്‍ കാണിച്ചാല്‍ അവര്‍ക്കു പ്രിയങ്കരമായ കുക്കീസ് ബിസ്‌കറ്റുകള്‍ വെന്‍ഡിങ് മെഷീനിലൂടെ ലഭിക്കും. കുക്കീസ് മാത്രമല്ല, കുട്ടികള്‍ക്കു പ്രിയങ്കരമായ ചോക്ലേറ്റുകളും ഐസ്‌ക്രീമും ഇവിടെ പ്രസാദമാണ്.

Advertisement