മുംബൈ: പത്രപ്രവര്‍ത്തകനായ ജ്യോതിര്‍മയി ഡെയുടെ ഘാതകരെക്കുറിച്ച് വിവരങ്ങള്‍ മുംബൈ പോലീസിന് നല്‍കിയത് അധോലോകനായകന്‍ ഛോട്ടാരാജന്‍ തന്നെയാണെന്ന് വെളിപ്പെടുത്തല്‍. സംഘാംഗങ്ങള്‍ക്ക് നേരെയുള്ള പോലീസിന്റെ കര്‍ശന നടപടികള്‍ക്ക് തടയിടാനായിരുന്നു ഇത്. കൂടാതെ ജയിലില്‍ അനുയായികള്‍ സുരക്ഷിതരായിരിക്കുമെന്നതും വിവരങ്ങള്‍ നല്‍കാന്‍ രാജനെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞമാസമാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം ഡെയെ വെടിവെച്ചു കൊന്നത്. തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയ പോലീസ് വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ നഗരത്തിലെ എല്ലാ സംഘങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഛോട്ടാ രാജന്‍ തന്റെ സംഘാംഗങ്ങള്‍ ഏറ്റ് മുട്ടലില്‍ കൊല്ലപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആ ഉറപ്പ് ലഭിച്ചാല്‍ വിവരങ്ങള്‍ കൈമാറാമെന്നും പറഞ്ഞു. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ നല്‍കിയ വിവരങ്ങളനുസരിച്ചാണ് അക്രമികളെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത്.

എന്നാല്‍ അക്രമികളെ പിടികൂടിയതിന്റെ ക്രഡിറ്റ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ യൂനിറ്റുകള്‍ ഇക്കാര്യം നിഷേധിച്ചു. താഴെത്തട്ടില്‍ തങ്ങള്‍ നടത്തിയ പ്രവര്‍ത്തനവും മുന്‍കാലത്ത് തന്നെ സൃഷ്ടിച്ചിരുന്ന ഇന്‍ഫോര്‍മാരില്‍ നിന്നുള്ള വിവരങ്ങളുമാണ് അക്രമികളെ പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കിയത് എന്നാണ് ഇവരുടെ വാദം.
അതിനിടെ അധോലോക സംഘങ്ങളുമായി കൊല്ലപ്പെട്ട ജെ ഡെയ്ക്ക് അടുത്തബന്ധമുണ്ടായിരുന്നുവെന്ന് വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. പ്രമുഖ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എതിര്‍സംഘത്തിന് ചോര്‍ത്തിക്കൊടുത്തുവെന്ന സംശയത്തെതുടര്‍ന്നാണ് ഡെ കൊല്ലപ്പെട്ടത് എന്നാണ് പറയപ്പെയുന്നത്.