എഡിറ്റര്‍
എഡിറ്റര്‍
ഗ്രനേഡ് സൂക്ഷിച്ചത് മേജര്‍ സാബ് പറഞ്ഞിട്ട്: ശ്രീനഗറില്‍ ഗ്രനേഡുമായി പിടികൂടിയ സൈനികന്‍
എഡിറ്റര്‍
Monday 3rd April 2017 3:27pm

ശ്രീനഗര്‍ : മേജര്‍ സാബ് പറഞ്ഞിട്ടാണ് ഗ്രനേഡുമായി ദല്‍ഹിയിലേക്കു പോകാന്‍ ശ്രമിച്ചതെന്ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഗ്രനേഡുമായി പിടികൂടിയ സൈനികന്റെ മൊഴി.

അതേസമയം സൈനികന്റെ മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ കൃത്യമായ നിഗമനത്തിലേക്ക് എത്താന്‍ സാധിക്കൂവെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് രണ്ടു ഗ്രനേഡുകളുമായി ദല്‍ഹിയിലേക്കു കടക്കാന്‍ ശ്രമിച്ച സൈനികനെ സുരക്ഷാ സേന പിടികൂടിയത്. 17 ജെഎകെ റൈഫിള്‍സിലെ സൈനികന്‍ ഭുപല്‍ മുഖിയയാണ് പിടിയിലായ സൈനികന്‍. നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലാണ് ഭുപല്‍ മുഖിയയെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗാളിലെ ഡാര്‍ജലിങ് സ്വദേശിയാണ് ഇദ്ദേഹം.

സൈനിക ഗേറ്റിലൂടെ ഉള്ളില്‍ കടന്നതിനാല്‍ ഭുപലിന് സുരക്ഷാ പരിശോധന നടത്തേണ്ടതായി വന്നില്ല. പക്ഷെ ബാഗേജ് പരിശോധിച്ചപ്പോള്‍ ഗ്രനേഡുകള്‍ കണ്ടെത്തുകയായിരുന്നു.

ഭീകരാക്രമണങ്ങള്‍ അടിക്കടി ഉണ്ടാകാറുള്ള ശ്രീനഗറില്‍ ഞായറാഴ്ച ഗ്രനേഡ് ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും 14 സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കനത്ത സുരക്ഷയിലുള്ള വിമാനത്താവളങ്ങളിലൊന്നാണ് ശ്രീനഗര്‍.

Advertisement