എഡിറ്റര്‍
എഡിറ്റര്‍
മണല്‍ മാഫിയയ്‌ക്കെതിരെയുള്ള സമരം ജസീറ അവസാനിപ്പിച്ചു
എഡിറ്റര്‍
Friday 31st January 2014 3:43pm

jaseera--news

ന്യൂദല്‍ഹി: മണല്‍മാഫിയക്കെതിരെ ദല്‍ഹിയില്‍ നടത്തിവന്ന സമരം ജസീറ അവസാനിപ്പിച്ചു.

മണല്‍കടത്തലിനെതിരെ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനാലാണ് സമരം നിര്‍ത്തുന്നതെന്ന് ജസീറ അറിയിച്ചു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ജസീറ അറിയിച്ചത്.

തന്റെ സമരം വിജയിച്ചെന്ന പറഞ്ഞ ജസീറ സാമൂഹിക വിഷയങ്ങളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ എവിടെ വേണമെങ്കിലും മത്സരിക്കുമെന്നും ജസീറ ആവര്‍ത്തിച്ചു.

അബ്ദുള്ളക്കുട്ടിയെ പോലുള്ള രാജ്യദ്രോഹികളെ ജനം തിരിച്ചറിയണമെന്നും ഇത്തരം ആളുകളെ പച്ചയ്ക്ക് തൂക്കിക്കൊല്ലണമെന്നും നേരത്തേ ജസീറ പറഞ്ഞിരുന്നു.

തന്റെ ലേഖനം വിവാദമാക്കിത്തരണമെന്ന് എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ മാധ്യമപ്രവര്‍ത്തകനോട് ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തായ സംഭവത്തോട് പ്രതികരിച്ചായിരുന്നു ജസീറയുടെ പരാമര്‍ശം.

മണല്‍ മാഫിയയ്‌ക്കെതിരെ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ 62 ദിവസം സമരം നടത്തിയതിന് ശേഷമാണ് ജസീറ ദല്‍ഹിയിലേക്ക് സമരം മാറ്റിയത്. മൂന്ന് മാസത്തിലധികമായി ജസീറ ദല്‍ഹിയില്‍ സമരം നടത്തി വരികയായിരുന്നു.

മാടായി കടപ്പുറത്തെ മണല്‍ കടത്തിനെതിരെ ജസീറ ആദ്യം പഴയങ്ങാടി പോലീസ് സ്‌റ്റേഷന് മുന്നിലും കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നിലും സമരം നടത്തിയിരുന്നു.

പിന്നീട് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 63 ദിവസം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതിനാലാണ് പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചത്.

Advertisement