Administrator
Administrator
ജാര്‍ഘണ്ഡില്‍ വീണ്ടും നക്‌സല്‍ ആക്രമണം
Administrator
Sunday 11th October 2009 1:24pm

maoist-rw

റാഞ്ചി: ജാര്‍ഖണ്ഡില്‍ നക്‌സല്‍ ആക്രമണം ശക്തമാകുന്നു. പകൂര്‍ ജിയ്യലില്‍ സ്വകാര്യ ഖനന കമ്പനിയുടെ ഡെപ്യൂട്ടി ഡയരക്ടറെയും അസിസ്റ്റന്റ് മാനേജരെയും അക്രമികള്‍ കൊലപ്പെടുത്തി. പാനം ഖനന കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ രാവിലെ പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ നക്‌സലുകളല്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രാദേശിക ഭരണകൂടം നക്‌സല്‍ ആക്രമണമാണിതെന്ന് അറിയിച്ചിട്ടുണ്ട്.

ഖനന കേന്ദ്രം നക്‌സലുകള്‍ക്ക് പണം നല്‍കിയിരുന്നതായി സൂചനയുണ്ട്. ബൊക്കാറോയില്‍ ഇന്നു പുലര്‍ച്ചെ മാവോവാദികള്‍ റയില്‍വേ പാളം ബോംബു വച്ചു തകര്‍ത്തു. ബൊക്കാറോ-ജാരന്‍ദിഗ് റുട്ടിലെ പാളമാണ് തകര്‍ത്തത്. മേഖലയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാട്ടിലൂടെ കടന്നുപോകുന്നതാണ് ഈ റയില്‍പാളം. ഗിരിധിലും പലാമുവിലും രണ്ട് പാലങ്ങളും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.

ബീഹാറിലും ജാര്‍ഖണ്ഡിലും മാവോവാദികള്‍ രണ്ടുദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നക്‌സല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്കായി പശ്ചിമ ബംഗാള്‍ സര്‍ക്കാറിനു കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണസഹായം വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്നലെ രാത്രി ബംഗാളിലെ വെസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഒരു ലോറിക്കു തീയിട്ടിരുന്നു. ബീഹാറില്‍ ഒരു മൊബൈല്‍ ടവര്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ബംഗാളില്‍ നക്‌സല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്കായി അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ലാല്‍ഗഡില്‍ നിന്ന് അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് ഛത്രധര്‍ മഹാതോയെ മോചിപ്പിക്കണമെന്ന ആവശ്യവും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ശക്തമായി ഉയരുന്നുണ്ട്.

Advertisement