ടോക്കിയോ: മാര്‍ച്ച് 11നുണ്ടായ ഭൂകമ്പത്തില്‍ ജപ്പാനിലെ റോഡുകള്‍ വന്‍വിള്ളലുണ്ടായതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ ലോകം മുഴുവന്‍ കണ്ടതാണ്. എന്നാല്‍ ദുരന്തം കഴിഞ്ഞ ആറ് ദിവസത്തിനുശേഷം ആ റോഡുകള്‍ കണ്ടാല്‍ ആരും ഞെട്ടും. ദുരന്തത്തില്‍ ഏറ്റവും വലിയ വിള്ളലുണ്ടായ ഗ്രേറ്റ് കാന്റോ ഹൈവേ പണ്ടത്തെക്കാള്‍ പുതുമയോടെ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്. വിള്ളലുകള്‍ കണ്ട ആരും കരുതിക്കാണില്ല ഇത്ര പെട്ടെന്ന് അതിന്റെ കേടുപാട് തീര്‍ക്കാനാവുമെന്ന്. റോഡുകളില്‍ അഴിച്ചുപണി നടത്തി എന്നുമാത്രമല്ല കഴിഞ്ഞ രാത്രിമുതല്‍ അത് യാത്രയ്ക്കായി തുറന്നുകൊടുക്കുക കൂടി ചെയ്തിരിക്കുകയാണ്.

ദുരന്തത്തെ തുടര്‍ന്നുണ്ടായ ഈ നാശം ദിവസങ്ങള്‍ക്കുള്ളിലാണ് ജപ്പാന്‍ ഇതീജിവിച്ചത്. ഏത് വലിയ ദുരന്തത്തെയും നേരിടാനുള്ള ഈ രാജ്യത്തിന്റെ കഴിവാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഭൂകമ്പവും സുനാമിയും തകര്‍ത്ത നഗരങ്ങളിലെ ജനങ്ങളെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പഴയപോലെയായി. പലരും ജോലിക്ക് പോകാന്‍ തുടങ്ങി. ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളില്‍ പലതും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ജപ്പാന്റെ അതിജീവനം പല നിക്ഷേപകരേയും അവിടേക്ക് ആകര്‍ഷിക്കാനും സഹായകരമായി. മണി മാര്‍ക്കറ്റിന് വന്‍ സാധ്യതകളാണ് ഈ ദുരന്തമുണ്ടാക്കി നല്‍കിയതെന്ന് ലോകത്തിലെ ഏറ്റവും പണക്കാരിലൊരാളായ വാറന്‍ ബുഫെറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിനിടെ ആണവ വികിരണ ഭീതിയെ തുടര്‍ന്ന് കുട്ടികള്‍ക്ക് പൈപ്പ് വെള്ളം കൊടുക്കരുതെന്ന് അമ്മമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആണവവികിരണ മുന്നറിയിപ്പ് നല്‍കാനായി ടോക്കിയോയില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ച വാഹനങ്ങളും ഉപയോഗിച്ചു തുടങ്ങി. ഫുകുഷിമ ജില്ലയിലെ പശുക്കളില്‍ നിന്നെടുക്കുന്ന പാല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശവും രക്ഷിതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഭൂകമ്പത്തെക്കാളും സുനാമിയെക്കാളും ജപ്പാനില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് ആണവ നിലയം തകര്‍ന്നതാണ്. വികിരണ തോത് വര്‍ധിക്കുന്തോറും ജനങ്ങളുടെ ഭീതിയും കൂടുകയാണ്. ആണവ നിലയത്തിലെ ശീതീകരണം സംവിധാനം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. എപ്പോള്‍ പുനഃസ്ഥാപിക്കാനാവുമെന്നും സൂചന ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ജപ്പാനെ മാത്രമല്ല മറ്റ് പ്രദേശങ്ങളെയും റേഡിയേഷന്‍ ഭീതി പിന്‍തുടരുകയാണ്.