ലണ്ടന്‍: ജപ്പാന്റെ ആണവസുരക്ഷാ സംവിധാനങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും ശക്തമായ ഭൂകമ്പമുണ്ടായാല്‍ രാജ്യത്തെ ആണവനിലയങ്ങളെ അത് ബാധിക്കുമെന്നും ജപ്പാന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിക്കിലീക്‌സ്. ദ ടെലഗ്രാഫ് പത്രം പുറത്തുവിട്ട വിക്കിലീക്ക്‌സ് രേഖകളിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

ജപ്പാന്റെ ആണവസുരക്ഷാ സംവിധാനങ്ങള്‍ ശക്തമല്ലെന്ന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ 2008 ഡിസംബറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പം ആണവനിലയങ്ങളില്‍ വന്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ജപ്പാന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നതായി രേഖകളില്‍ പറയുന്നു.

ഇതേ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ പരിഷ്‌കരിക്കുമെന്ന് ജപ്പാന്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോള്‍ ദുരന്തമുണ്ടായിരിക്കുന്ന ഫുകുഷിമ ആണവനിലയത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്റര്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ജപ്പാനില്‍ കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ ഭൂകമ്പത്തെ ചെറുക്കുന്നതിനുള്ള സുരക്ഷാസംവിധാനങ്ങള്‍ കാലത്തിനനുസരിച്ച് പരിഷ്‌കരിച്ചത് മൂന്ന് തവണ മാത്രമാണെന്ന് ആണവോര്‍ജ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇക്കാര്യം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പുനഃപരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതിരുന്ന പടിഞ്ഞാറന്‍ ജപ്പാനിലെ മറ്റൊരു റിയാക്ടര്‍ അടച്ചുപൂട്ടണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജപ്പാന്‍ സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. കോടതിയുടെ ഈ നിര്‍ദേശം സുരക്ഷാ ഏജന്‍സികളുമായി ചര്‍ച്ചചെയ്തിട്ടില്ലെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജപ്പാനിലെ ആണവനിലയങ്ങള്‍ക്കെല്ലാം 6.5വരെ തീവ്രതയുള്ള ഭൂകമ്പം മാത്രമേ ചെറുക്കാന്‍ കഴിയൂ.