ന്യൂദല്‍ഹി: ഇന്ത്യയുടെ വനിതാ ബാഡമിന്റണ്‍ താരമായ സൈന നേഹ് വാളും പുരുഷ താരങ്ങളായ പി.കശ്യപും , അജയ് ജയറാമും ജപ്പാന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.

ആദ്യ റൗണ്ടില്‍ തായ്‌ലന്റിന്റെ ഇന്‍ന്താനോണ്‍ രാറ്റ്ച്ചനോക്കിനെ 21-17, 21-10 എന്ന സ്‌കോറിനാണ് സൈന തോല്‍പ്പിച്ചത്. ടൂര്‍ണ്ണമെന്റിലെ നാലാം സീഡായ സൈന രണ്ടാം റൗണ്ടില്‍ സിംഗപ്പൂര്‍ താരവുമായി ഏറ്റ്മുട്ടും.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ പി. കശ്യപ് ആദ്യ റൗണ്ട് ജയിച്ച് കയറിയത്. ഡെന്‍മാര്‍ക്ക താരത്തിനെതിരെ 19-21, 21-14, 21-14 നായിരുന്നു കശ്യപിന്റെ വിജയം. ആറാം സീഡായ ചൈനയുടെ ജിന്‍ ചെന്നിനെതിരെയാണ് കശ്യപിന്റെ അടുത്ത മത്സരം.

ലോക ഏഴാം നമ്പര്‍ താരം ടിന്‍ മിന്നിനെതിരെ അട്ടിമറി ജയമാണ് അജയ് ജയറാം സ്വന്തമാക്കിയത്. 34മിനിറ്റുനുള്ളില്‍ 21-18,21-19ന് ജയറാം എതിരാളിയെ കീഴടക്കി. ഇന്ത്യയുടെ ഒന്നാം നമ്പര്‍ മിക്‌സഡ് ഡബ്ബിള്‍സ് ജോഡിയായ  വി.ദിജുവും ജ്വാല ഗുട്ടയും  രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്.

ലോക ചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാക്കളായ ജ്വാല-അശ്വനി ജോഡിയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. അതേസമയം പുരുഷ ഡബ്ബിള്‍സില്‍ മലയാളി താരങ്ങളായ രുപേഷ് കുമാര്‍, സനേവ് തോമസ് സംഖ്യം ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി.