Categories

സയോനാരാ കാസറ്റ് വാക്ക്മാന്‍ …

സുരാജ് പി.വി

ഒരു കാലമുണ്ടായിരുന്നു. എം പി ത്രിയും ഐ-പാഡും ഡി വി ഡിയും വരുന്നതിനും മുമ്പുള്ള കാലമാണ്. സോണിയുടെ കാസറ്റ് വാക്ക്മാന്‍ അഭിമാനത്തോടെ കൊണ്ടുനടന്നിരുന്ന കാലം. കാസറ്റ് വാക്ക്മാന്‍ ആഢ്യത്ത്വത്തിന്റെ ചിഹ്നമായി കണക്കാക്കിയിരുന്ന ഒരു കാലം.

പിറന്നാള്‍ദിനത്തില്‍ ലഭിച്ച സോണിയുടെ കാസറ്റ് വാക്ക്മാന്‍ അഭിമാനത്തോടെ കൂട്ടുകാരെ കാണിച്ച് കൊതിപ്പിച്ചിരുന്നു. ആദ്യപ്രണയ സമ്മാനമായി ലഭിച്ച വാക്ക്മാനില്‍ നിന്നും ഒഴുകിയെത്തിയ ഗാനങ്ങള്‍ അവനെക്കുറിച്ചുള്ളതായിരുന്നു…….ഇങ്ങനെ ഒത്തിരിയൊത്തിരി ഓര്‍മ്മകള്‍ സമ്മാനിച്ച കാസറ്റ് വാക്ക്മാന്‍ പാട്ടു നിര്‍ത്തി.

അവസാന ബാച്ചും പുറത്തിറക്കി സോണിയാണ് കാസറ്റ് വാക്ക്മാന്‍ ഉല്‍പ്പാദനം എന്നെന്നേക്കുമായി അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയത്. 1978ല്‍ സോണിയുടെ കോ-ചെയര്‍മാന്‍ അകിരോ മോറിറ്റക്കുവേണ്ടി ഓഡിയോ ഡിവിഷന്‍ എഞ്ചിനീയര്‍ നിബുതോഷി കിഷാറയാണ് കാസ്റ്റ് വാക്ക്മാന്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയത്.

പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു വാക്ക്മാന്റെ വില്‍പ്പന. അമേരിക്കയിലെയും യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കയിലേയും ആളുകള്‍ വാക്ക്മാനെ ഇരു ‘കാതും നീട്ടി’ സ്വീകരിച്ചു. തങ്ങള്‍ക്ക് ഭാഗ്യംകൊണ്ടുവന്ന വാക്ക്മാനെ ഉപേക്ഷിക്കാന്‍ സോണിക്കു മനസുവന്നില്ല. കമ്പനി പുറത്തിറക്കിയ മറ്റ് ഉപകരണങ്ങള്‍ക്കും ‘മാന്‍’ കൂട്ടിച്ചേര്‍ത്ത് പേരു നല്‍കി. വാച്ച്മാന്‍, സ്‌കൂപ്മാന്‍, ഡിസ്‌ക്മാന്‍, പ്രസ്മാന്‍, ടോക്മാന്‍ എന്നിവ അവയില്‍ ചിലതായിരുന്നു.

എന്നാല്‍ സാങ്കേതികവിദ്യയുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ കാസ്റ്റ് വാക്ക്മാനും സാധിച്ചില്ല. 1984ല്‍ ആദ്യ സി ഡി വാക്ക്മാന്‍ (ഡിസ്‌ക്മാന്‍) പുറത്തിറക്കി. അഞ്ചുവര്‍ഷത്തിനുശേഷം വീഡിയോ വാക്ക്മാനും വരവറിയിച്ചു. 2002 ആയപ്പോഴേക്കും ഒരു ജി ബി വരെ കപ്പാസിറ്റിയുള്ള എം പി ത്രി- യു എസ് ബി വാക്മാനും സംഗീതപ്രേമികള്‍ക്ക് മുന്നിലെത്തി.

ഡിഐ-പാഡും എം പി ത്രിയും, ഡി വി ഡിയും,വാക്ക്മാന്‍ ഫോണും ഒടുവില്‍ ത്രിഡി വാക്ക്മാനുമെല്ലാം മെല്ലാം ആധുനിക സാങ്കേതികതയുടെ പര്യായങ്ങളായി കുതിക്കുമ്പോള്‍ ഇനിയും കാസറ്റ് വാക്ക്മാനും വച്ചിരിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം സോണി അംഗീകരിക്കുകയായിരുന്നു.

തുടര്‍ന്നാണ് ഔട്ട് ഓഫ് ഫാഷന്‍ ആയ വാക്ക്മാന്‍ ഇനിയും ഉല്‍പ്പാദിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. അങ്ങിനെ കോടിക്കണക്കിന് ആളുകളുടെ സന്തോഷത്തിന്റേയും സന്താപത്തിന്റേയും ഭാഗമായിത്തീര്‍ന്ന കാസറ്റ് വാക്മാന്‍ ഒടുവില്‍ ചരിത്രത്തിലേക്ക് മറയുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.