ടോക്കിയോ: ഫുകഷിമ ആണവനിലയത്തില്‍ ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ആണവ റിയാക്ടറില്‍ വന്‍ ചോര്‍ച്ച ഉണ്ടായതായി സ്ഥിരീകരിച്ചു. ദുരന്തത്തെ തുടര്‍ന്ന് സമീപപ്രദേശങ്ങളിലുള്ള രണ്ടരലക്ഷത്തോളം പേരെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 20കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചിട്ടുണ്ട്.

ഭൂകമ്പത്തെ തുടര്‍ന്ന് ആണവ റിയാക്ടറില്‍ ചോര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ ഇത് സ്‌ഫോടനത്തില്‍ കലാശിക്കുകയായിരുന്നു. ഭൂകമ്പത്തില്‍ ശീതീകരണ സംവിധാനങ്ങള്‍ തകരാറിലായ വേറെയും ആണവറിയാക്ടറുകള്‍ വികിരണഭീഷണിയുയര്‍ത്തുന്നുണ്ട്.

തലസ്ഥാനമായ ടോക്കിയോയില്‍ നിന്നും 250കിലോമീറ്റര്‍ അകലെയാണ് ഫുകഷിമ. ഇവിടുത്തെ നാല്‍പതുവര്‍ഷം പഴക്കമുള്ള ഡെയ്ച്ചി-1 റിയാക്ടറിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ആണവനിലയത്തിലെ ഒട്ടേറെ ജീവനക്കാര്‍ക്ക് പരിക്കേറ്റു. റിയാക്ടറിന്റെ മുകളിലത്തെ ഭാഗം പൂര്‍ണമായി തകര്‍ന്നു. ഈ റിയാക്ടറില്‍ ആണവദ്രവീകരണവും അതുമൂലം വികിരണസാധ്യതയുള്ള പദാര്‍ത്ഥങ്ങളുടെ ചോര്‍ച്ചയും സംഭവിക്കുമെന്ന് ആശങ്കയുണ്ട്. ഇതേ തുടര്‍ന്ന് ഫുകഷിമ 1,2 ആണവനിലയങ്ങളില്‍ പ്രധാനമന്ത്രി നവാതോ കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭൂകമ്പത്തെ തുടര്‍ന്ന് ഈ ആണവനിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് ഹൈഡ്രജന്‍ ഉപയോഗിച്ച് റിയാക്ടര്‍ തണുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ആണവ ഇന്ധനം ഉരുകി ജലവുമായി ചേര്‍ന്നതുമൂലമാകണം സ്‌ഫോടനമുണ്ടായതെന്നാണ് വിദഗ്ധരുടെ നിഗമനം.

നാശം വിതച്ച സുനാമി

ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ജപ്പാന്റെ വടക്കുകിഴക്കു ഭാഗത്തുള്ള മിക്ക ഗ്രാമങ്ങളും നഗരങ്ങളും പൂര്‍ണമായും ഒലിച്ചുപോയി. ഈ മേഖല ഭൂകമ്പത്തിന്റെയും സുനാമിയുടേയും പരിണിതഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

സിറ്റിയുടെ ഒരുഭാഗത്തുനിന്നും മുന്നൂറും നാനൂറും മൃതദേഹങ്ങളാണ് ലഭിക്കുന്നതെന്ന് പോലീസ് പറയുന്നു. റികുസെന്റകണ്ട, ഇവെയ്റ്റ് തുടങ്ങിയ നഗരങ്ങള്‍ വെള്ളത്തിനടിയിലാണ്. ദുരന്തത്തില്‍ 1,000ത്തില്‍ കൂടുതല്‍ പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുമുണ്ട്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാവാനിടയുണ്ട്.

ബസ്, ട്രെയ്ന്‍ സര്‍വ്വീസുകള്‍ പൂര്‍ണായും നിര്‍ത്തിവച്ചു. മിക്ക റോഡുകളും അടച്ചു. വാര്‍ത്താവിനിമയ സംവിധാനങ്ങളും വൈദ്യുതിയും പൂര്‍ണമായും നിലച്ചു. സുനാമിത്തിരയില്‍ ഒട്ടേറെ കപ്പുലുകളും മീന്‍പിടുത്ത ബോട്ടുകളും വാഹനങ്ങളും ഒലിച്ചുപോയി. ദുരന്തം ഏറ്റവുമധികം നാശം വിതച്ച റകസെന്‍ തകാട്ടയിലെ 8,000 വീടുകളില്‍ പകുതിയും തകര്‍ന്നു. മിനാമി സോമയില്‍ 1,800ഓളം വീടുകള്‍ നശിച്ചു.