ടോക്കിയോ: ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍നിന്നുള്ള വികിരണജലം പുറത്തേക്ക് എത്തുന്നത് തടയാന്‍ ഭൂമിക്കടിയിലെ റിയാക്ടറുകള്‍ക്കു ചുറ്റും സംരക്ഷണഭിത്തി കെട്ടുന്നു. ആണവനിലയത്തിന്റെ നടത്തിപ്പുകാരനായ ടോക്കിയോ ഇലക്ട്രിക് കമ്പനി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ മുന്നോടിയായി റിയാക്ടറിലുള്ള ആണവവികിരണജലത്തിന്റെ അളവ് കണ്ടെത്താനുള്ള നടപടികള്‍ ടെപ്‌കോ അധികൃതര്‍ ആരംഭിച്ചതായി ജപ്പാന്‍ ടെലിവിഷന്‍ ചാനലായ ടി വി അസാക്ഷി റിപ്പോര്‍ട്ട് ചെയ്തു.

ടര്‍ബൈന്‍ കെട്ടിടങ്ങളിലും ഭൂമിക്കടിയിലെ ടണലുകളിലും വന്‍തോതിലുള്ള വികിരണജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.ഇവിടെയുണ്ടായുള്ള കോണ്ക്രീറ്റിലുണ്ടായ വിള്ളലിലൂടെ പസഫിക് സമുദ്രത്തിലേക്ക് വികിരണജലം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിള്ളല്‍ അടക്കുന്നതില്‍ ടെപ്‌കോ ജീവനക്കാര്‍ വിജയിച്ചെങ്കിലും നിലയത്തില്‍നിന്നുള്ള വികിരണജലച്ചോര്‍ച്ച തടയാനുള്ള ശ്രമം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പ്രധാനമന്ത്രി നാഒതൊ കാനിന്റെ ഉപദേഷ്ടാവും മുന്‍ നിര്‍മ്മാണമന്ത്രിയുമായ സുമിഓ മബൂച്ചിയാണ് സംരക്ഷണഭിത്തി നിര്‍മ്മിക്കാനുള്ള പദ്ധതി മുന്നോട്ടു വെച്ചത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന വിഷയത്തില്‍ പൂര്‍ണ്ണമായ സ്ഥിരീകരണം ടെപ്‌കോ വക്താക്കള്‍ നല്‍കിയിട്ടില്ല.