ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 13,000 കവിഞ്ഞതായി പോലീസ്. വെള്ളിയാഴ്ചയുണ്ടായ ഇരട്ട ദുരന്തത്തില്‍ 5,178 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാണ്ട് 8,606 പേരെ കാണാതായിട്ടുണ്ട്. 2,285 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മിയാഗിയിലെ ചില തീരപ്രദേശങ്ങളില്‍ നിന്നും ഏതാണ്ട് പതിനായിരത്തോളം ആളുകളെ കാണാതായിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അതേ സമയം ജപ്പാനിലെ ആണവ നിലയങ്ങള്‍ വന്‍ഭീഷണിയായി മാറിയിട്ടുണ്ട്. റിയാക്ടറിലെ ശീതീകരണ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ആണവധ്രുവീകരണ ഭീഷണി ശക്തമായി.