കോഴിക്കോട്: മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കെതിരെ ജന്മഭൂമി. റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ ആരായാലും അവര്‍ കുലംകുത്തിയും കുലദ്രോഹിയുമാണെന്നാണ് ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച ‘കുലംകുത്തികളെ കരുതിയിരിക്കണം’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ പറയുന്നത്.

റിപ്പോര്‍ട്ടു ചോര്‍ന്നതു സംബന്ധിച്ച് കമ്മീഷന്‍ അംഗത്തിനു ബന്ധമുണ്ടെന്ന സംശയവും ലേഖനം പങ്കുവെക്കുന്നുയണ്ട്.

‘കമ്മീഷനംഗത്തിന്റെ വ്യക്തിഗത ഇമെയിലില്‍ നിന്നും ഒരു ഹോട്ടലിന്റെ ഇമെയിലിലേക്ക് റിപ്പോര്‍ട്ട് എന്തിനയച്ചു? അതാരാണ് കച്ചവടം നടത്തിയത്? ആരായാലും ആ കുലംകുത്തി കുലദ്രോഹിയാണ്. കുലംകുത്തിയെ കുരുതികൊടുക്കണമെന്ന് പറയുന്നില്ല. പക്ഷേ കരുതിയിരുന്നേ പറ്റൂ.’ എന്നും ലേഖനം മുന്നറിയിപ്പു നല്‍കുന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് രാഷ്ട്രപതി തെരഞ്ഞെടുപ്പു വിജയത്തിന്റെ ആഘോഷത്തിനു മങ്ങലേല്‍പ്പിച്ചെന്നും രാജ്യത്തെയും കേന്ദ്രഭരണത്തെയും പ്രധാനമന്ത്രിയെത്തന്നെയും അവഹേളിക്കാന്‍ അത് അവസരമുണ്ടാക്കിയെന്നും ലേഖനത്തില്‍ പറയുന്നു.

മെഡിക്കല്‍ കോളജിന് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ഒരംഗത്തിന് പങ്കുണ്ടെന്ന് ബോധ്യമായപ്പോള്‍ നടപടി സ്വീകരിക്കാനൊരുങ്ങുമ്പോഴാണ് റിപ്പോര്‍ട്ട് ചോര്‍ന്നത്. ഇപ്പോള്‍ പുറത്താക്കപ്പെട്ട വ്യക്തിയുടെ ബാഹ്യബന്ധവും കോഴയും തമ്മില്‍ ബന്ധമില്ലെന്ന് വിശ്വസിക്കണോയെന്നും ലേഖനത്തില്‍ ചോദിക്കുന്നു.


Must Read: മലപ്പുറത്തും ബി.ജെ.പി കോഴ; ബാങ്ക് പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വാങ്ങിയത് 10 ലക്ഷം


കോഴയുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട വ്യക്തിക്ക് മുന്‍ ആരോഗ്യമന്ത്രിയുമായി എന്താണ് ഇടപാടെന്നും ലേഖനം ചോദിക്കുന്നു. ‘ശതകോടിയോളം വിലപറഞ്ഞ് ഒരു ആശുപത്രിയുടെ കച്ചവടം ഉറപ്പിച്ച മുന്‍ ആരോഗ്യമന്ത്രിയുമായി ഇയാള്‍ക്കുള്ള ഇടപാടുകളെന്താണ്? മന്ത്രിയുടെ പഴയ ദല്‍ഹി ബന്ധം ഉപയോഗിച്ച് കാര്യം കരുവാക്കുകയാണോ?’ ലേഖനത്തില്‍ ചോദിക്കുന്നു.

കോഴ ആരോപണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തില്‍ അവിശ്വാസം ലേഖപ്പെടുത്തുന്ന ലേഖനം വിജിലന്‍സ് അന്വേഷണത്തിനൊപ്പം എന്‍.ഐ.എയുടെ അന്വേഷണം കൂടി വേണമെന്നും ആവശ്യപ്പെടുന്നു.