കൊച്ചി: കേരളത്തെ പാകിസ്താനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്നാലെ പശ്ചിമ ബംഗാളിനെതിരേയും സംഘപരിവാറിന്റെ ഹേറ്റ് ക്യാമ്പയിന്‍.

ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്ന മമത ബാനര്‍ജിയുടെ ബംഗാളിനെ ജന്മഭൂമി വിശേഷിപ്പിച്ചിരിക്കുന്നത് പശ്ചിമ ബംഗ്ലാദേശെന്നാണ്. ഇന്ന് പുറത്തുവന്ന ജന്മഭൂമി ഓണ്‍ലൈനിന്റെ പ്രത്യേക ലേഖനത്തിലാണ് പശ്ചിമ ബംഗാളിനെ രൂക്ഷമായി വിമര്‍ശിക്കുന്നതും പശ്ചിമ ബംഗ്ലാദേശെന്നും കൊല്‍ക്കത്തയെ മിനി പാകിസ്താനെന്നും വിശേഷിപ്പിച്ചിരിക്കുന്നത്.

‘രാജ്യത്തെ മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ പശ്ചിമ ബംഗാളിനെ യഥാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കേണ്ടത് പശ്ചിമ ബംഗ്ലാദേശെന്നാണ്. അതിന് കാരണമോ മുഖ്യമന്ത്രി മമത ബാനര്‍ജിയും. വോട്ട് ബാങ്ക് ലക്ഷ്യം വച്ച് ഭൂരിപക്ഷ സമുദായമായ ഇസ്ലാമിനോട് ചേര്‍ന്ന് നില്‍ക്കാനാണ് മമതയ്ക്ക് താല്‍പര്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫത്വ പുറപ്പെടുവിച്ച ഇമാം ബര്‍കത്തിയെ പോലുള്ളവരാണ് മമതയ്ക്ക് പിന്തുണയുമായി നിലകൊള്ളുന്നതെന്നതും ശ്രദ്ധേയമാണ്’. എന്നാണ് ജന്മഭൂമിയുടെ ലേഖനത്തില്‍ പറയുന്നത്.

പശ്ചിമബംഗാളിനും മുസ്‌ലിമുകള്‍ക്കുമെതിരായുള്ള സംഘപരിവാറിന്റെ പ്രചരണങ്ങളുടെ ഭാഗാമായാണ് ഈ ലേഖനത്തെ വിലയിരുത്തപ്പെടുന്നത്.


Also Read: ‘സംഘപരിവാരത്തിന്റേത് വ്യാജവാര്‍ത്തകളുടെ കലവറ’; വ്യാജവാര്‍ത്തകളും അവയിലൊന്നിന്റെ ഉറവിടവും ആള്‍ട്ട് ന്യൂസ് കണ്ടെത്തിയ രീതി


മമത ബാനര്‍ജി മന്ത്രിസഭയിലുള്ളവരും തങ്ങളാലാകും വിധം കൊല്‍ക്കത്തയെ, ബംഗ്ലാദേശും പാക്കിസ്ഥാനുമൊക്കെ ആക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ജന്മഭൂമി പറയുന്നു.

കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് മേഖലയെ ‘മിനി പാക്കിസ്ഥാന്‍’ എന്ന് ബംഗാള്‍ മന്ത്രിസഭയിലെ നഗര വികസനമന്ത്രി ഫിര്‍ഹദ് ഹക്കീം പരാമര്‍ശിച്ചിരുന്നവെന്നും ജന്മഭൂമി ആരോപിക്കുന്നു. പ്രമുഖ പാക് മാധ്യമമായ ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് ഹക്കീം വിവാദ പരാമര്‍ശം നടത്തിയതെന്നാണ് ജന്മഭൂമിയുടെ ആരോപണം.

മലീഹ ഹമീദ് സിദ്ദിഖിയെന്ന ജേര്‍ണലിസ്റ്റാണ് അഭിമുഖം നടത്തിയത്. അഭിമുഖത്തിനിടെ, കൊല്‍ക്കത്തയിലെ മിനി പാക്കിസ്ഥാനിലേയ്ക്ക്(ഗാര്‍ഡന്‍ റീച്ച്) കൊണ്ടു പോകാമെന്ന് മലീഹയോട് ഹക്കീം പറഞ്ഞുവെന്നാണ് ലേഖനത്തില്‍ ആരോപിക്കുന്നത്. ഹക്കീമിന്റെ മണ്ഡലമാണ് ഗാര്‍ഡന്‍ റീച്ച്.

മാധ്യമങ്ങള്‍ വര്‍ഗ്ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തെങ്കിലും പറയുകയാണെങ്കില്‍ അതിനെ എല്ലാവരും ശരിവയ്ക്കും. എന്നാല്‍ ഒരു മുസ്ലീമായ താനെന്തെങ്കിലും പറയുകയാണെങ്കില്‍ അതിന് കുഴപ്പങ്ങള്‍ കണ്ടെത്തുമെന്നും ഹക്കീം പറഞ്ഞതായും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. ഇതിനെ വിവേചനമെന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ഹക്കീം പറഞ്ഞായും ജന്മഭൂമി പറയുന്നു.

ഏറെ ചരിത്ര പ്രാധാന്യമുള്ള കൊല്‍ക്കത്തയെ ഭീകരതയുടെ നിഴല്‍ വീഴ്ത്താനുള്ള തീവ്രമായ പരിശ്രമങ്ങളാണ് മമതയും കൂട്ടരും നടത്തിവരുന്നതെന്ന് സംശയിക്കാതെ തരമില്ലെന്നുമൊക്കെയാണ് ലേഖനത്തിന്റെ പോക്ക്. എന്നാല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭരണ മികവ് ജനങ്ങളിലേറെ വിശ്വാസം ജനിപ്പിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന് തള്ളാനും ജന്മഭൂമി മറക്കുന്നില്ല.


Don’t Miss: ‘പിടിച്ചു കെട്ടി നിര്‍ത്തിയിരുന്ന മൂത്രം വൈകി ഒഴുക്കി വിടുമ്പോള്‍ മരണ വേദന കൊണ്ട് ഉറക്കെ നിലവിളിച്ചിട്ടുണ്ട്’; ഗര്‍ഭിണി സൂക്ഷിക്കേണ്ട കാര്യങ്ങള്‍ കേള്‍ക്കമ്പോള്‍ പുച്ഛം കൊണ്ട് തുപ്പാന്‍ തോന്നുന്നുവെന്ന് എസ്.ശാരദക്കുട്ടി


കേരളത്തിലെ ഹിന്ദുക്കളേയും മുസ് ലിമുകളേയും തമ്മിലടിപ്പിക്കാനായി സംഘപരിവാറിന്റെ ഭാഗത്തു നിന്നുമുള്ള ശ്രമങ്ങള്‍ നേരത്തെ പുരോഗമന നിലപാടുള്ള, ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിപ്പെടണമെന്ന് കരുതുന്ന മാധ്യമങ്ങള്‍ പൊളിച്ചിരുന്നു. ഇതിനെ കുറിച്ച് ഡുള്‍ ന്യൂസ് തന്നെ പലപ്പോഴും വാര്‍ത്ത നല്‍കിയതുമാണ്. രാജ്യവ്യാപകമായി ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹേറ്റ് ക്യാമ്പയിനുകളുടെ സ്ത്യം പലപ്പോഴും മറനീക്കി വെളിച്ചത്തു വന്നിട്ടുണ്ട്. ഇത്തരത്തില്‍ ആള്‍ട്ട് ന്യൂസ് എന്ന ദേശീയ മാധ്യമം പൊളിച്ചടുക്കിയ സംഘപരിവാറിന്റെ കുപ്രചരണങ്ങളെ കുറിച്ച് ഇന്നലെ ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യവ്യാപകമായി, പ്രത്യേകിച്ചും ബി.ജെ.പി അധികാരവും കരുത്തും നേടാന്‍ ശ്രമിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ വ്യാജ പ്രചരണവും മതസ്പര്‍ദ്ധയുണ്ടാക്കുന്ന കുപ്രചരണങ്ങള്‍ നടത്തുന്നതും സംഘപരിവാറും ആര്‍.എസ്.എസും തുടരുകയാണ്. നിരന്തരമായി മോദി സര്‍ക്കാരിനതിരെ രംഗത്തു വരുന്ന സംസ്ഥാനങ്ങളായ കേരളവും പശ്ചിമബംഗാളുമാണ് ഇപ്പോള്‍ ബി.ജെ.പിയുടേയും ലക്ഷ്യമെന്ന് ഇത്തരം പ്രചരണങ്ങളില്‍ നിന്നും വ്യക്തമാണ്.