Categories

‘മാറാട് റീമേക്ക് ചെയ്യപ്പെടുമ്പോള്‍’; പിന്നില്‍ ആര്‍.എസ്.എസ്

ps-sreecharan-pillai-

പൊളിറ്റിക്കല്‍ ഡസ്‌ക്

സംഘപരിവാര്‍ അധീനതയിലുള്ള ജന്മഭൂമി പത്രത്തില്‍ ബി.ജെ.പി നേതാവ് അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയെ രൂക്ഷമായി വിമര്‍ശിച്ച് എഡിറ്റോറിയല്‍ പേജില്‍ കത്ത് പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ്. പാര്‍ട്ടിയില്‍ കുറച്ചുകാലമായി ആര്‍.എസ്.എസ് നടത്തിവരുന്ന ശുദ്ധികലശത്തിന്റെ ഭാഗമായാണ് ‘മാറാട് റീമേക്ക് ചെയ്യപ്പെടുമ്പോള്‍’ കത്തു പ്രസിദ്ധീകരിക്കപ്പെട്ടതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

മാറാട് കലാപ സമയത്ത് സമാധാന ചര്‍ച്ചകള്‍ക്കായി അഡ്വ.പി.എസ് ശ്രീധരന്‍പിള്ള മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലിനെതിരെയാണ് ആര്‍.എസ്.എസ് കത്തിലൂടെ അഞ്ഞടിച്ചത്. ‘എന്‍.പി രാധാകൃഷ്ണന്‍ കോഴിക്കോട്’ എന്ന പേരില്‍ വന്ന കത്ത് പക്ഷെ പത്രം പ്രസിദ്ധീകരിച്ചത് ലേഖനത്തിന്റെ പ്രാധാന്യത്തോടെയാണ്. പേജിന്റെ പകുതിയോളം ഭാഗം ഈ കത്ത് പ്രസിദ്ധീകരിക്കാനായി മാറ്റിവെച്ചിട്ടുമുണ്ട്. ജില്ലിയെ ആര്‍.എസ്.എസിന്റെ പോഷക സംഘടനാ രംഗത്ത് സജീവമായ ആളാണ് എന്‍.പി രാധാകൃഷ്ണന്‍ എന്നാണ് ലഭ്യമായ വിവരം.

ബി.ജെ.പി നേതാക്കള്‍ മറ്റ് സമുദായ നേതാക്കളുമായി വേദി പങ്കിടുന്നതിനെതിയും അവരുമായി സൗഹൃദം വെച്ചുപുലര്‍ത്തുന്നതിനെയും ആര്‍.എസ്.എസ് ശക്തമായി എതിര്‍ത്ത് പോരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ വാതില്‍ തുറന്നിടണമെന്നും ഇതര പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടാകണമെന്നും വാദിക്കുന്ന പക്ഷത്തിന്റെ ശക്തനായ വക്താവാണ് അഡ്വ.പി.എസ് ശ്രീധരന്‍പിള്ള. മലബാറിലെ ഇതര സമുദായ സംഘടനകളുടെ പരിപാടികളില്‍ സ്ഥിരം സാന്നിധ്യം കൂടിയാണ് അദ്ദേഹം. പാര്‍ട്ടിയുടെ ഒരുവിഭാഗത്തിന്റെ ഈ നിലപാടിനെതിരെ വരും നാളിലുണ്ടാവാനിരിക്കുന്ന ശക്തമായ പടപ്പുറപ്പാടിന്റെ സൂചനയായും ജന്മഭൂമിയിലെ ‘കത്ത്’ വിലയിരുത്തപ്പെടുന്നു.

മാറാട് സംഭവത്തില്‍ മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സമാധാന ചര്‍ച്ച നടത്തിയിരുന്നുവെന്ന ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിനെയാണ് കത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ശ്രീധരന്‍പിള്ളയെ അവസരവാദിയെന്നാണ് കത്തില്‍ ആക്ഷേപിക്കുന്നത്. പണത്തിന് വേണ്ടിയാണ് പിള്ളയുടെ വെളിപ്പെടുത്തലെന്നും ആരോപിക്കുന്നു.

മാറാട് സമാധാനം പുനഃസ്ഥാപിക്കുന്നതിന് മുസ്‌ലിംലീഗ് അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം സഹോദരന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അന്ന് ബി.ജെ.പി ഉപാധ്യക്ഷനായിരുന്ന ശ്രീധരന്‍ പിള്ളയുമായി രഹസ്യ ചര്‍ച്ച നടത്തിയതായി ഒരു പത്രത്തിന്റെ വാരാന്ത്യ പതിപ്പില്‍ സാദിഖലി തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഈ കൂടിക്കാഴ്ച പ്രദേശത്ത് സമാധാനം വീണ്ടെടുക്കുന്നതിന് കാരണമായെന്ന് ശ്രീധരന്‍പിള്ളയും വ്യക്തമാക്കിയിരുന്നു. ഇതാണ് ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചത്.

പാണക്കാട് തങ്ങളുടെ രഹസ്യ ദൗത്യത്തിന് ശ്രീധരന്‍പിള്ള കൂട്ടുനിന്നതും ഏറെ നാളുകള്‍ക്ക് ശേഷം ഇക്കാര്യം വെളിപ്പെടുത്തിയതും അഭിഭാഷകന്റെ മിടുക്കിനേക്കാളും രാഷ്ട്രീയക്കാരന്റെ തന്ത്രങ്ങളേക്കാളും അവസരവാദിയുടെ വില കുറഞ്ഞ നിലപാടുകളാണെന്ന് കത്തില്‍ വിമര്‍ശിക്കുന്നു. മതത്തിന്റെ അതിരുകള്‍ മറികടക്കാതെ മതേതരത്വത്തിനായി പോരാടിയ നേതാവായിരുന്നു തങ്ങളെന്നത് ശ്രീധരന്‍പിള്ളയുടെ വ്യക്തിപരമായ നിലപാടോ, അതോ ബി.ജെ.പിയുടെ ഔദ്യോഗിക നിലപാടോ എന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം. സമാധാനമുണ്ടാക്കാന്‍ ബി.ജെ.പി പിള്ളയെ നിയോഗിച്ചിരുന്നോയെന്നും നേതൃത്വം വ്യക്തമാക്കണം. ഓരോ ഘട്ടത്തിലും സമാധാന ഉടമ്പടികളെ അട്ടിമറിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ തങ്ങള്‍ അധ്യക്ഷനായ ലീഗ് ശ്രമിച്ചത്. ഇതിലൊന്നും പെടാത്ത ചിലര്‍ പുതിയ അവകാശവാദങ്ങളുമായി പുറപ്പെടുമ്പോള്‍ റീമേക്ക് പടം ചെയ്യുന്ന നിര്‍മാതാക്കളെയാണ് ഓര്‍മ വരുന്നത്. അവരുടെ ഉദ്ദേശ്യം പണം മാത്രമാണ്. ബഹുമതികള്‍ നേടാനുള്ള ആഗ്രഹം മാറാടിന്റെ ചെലവിലാകരുതെന്ന താക്കീതോടെയാണ് കത്ത് അവസാനിക്കുന്നത്.

കത്തെഴുതിയത് ആരെന്ന് അറിയില്ല: വി. മുരളീധരന്‍

കത്തെഴുതിയ എന്‍.പി. രാധാകൃഷ്ണന്‍ ആരാണെന്ന് വ്യക്തമല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ വ്യക്തമാക്കി. മാറാട് സംഭവം നടക്കുമ്പോള്‍ ഞാന്‍ ബി.ജെ.പിയില്‍ ഇല്ല. അന്നത്തെ പ്രസിഡന്റ് സി.കെ. പത്മനാഭനും വൈസ് പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളക്കുമാണ് ഇതേക്കുറിച്ച് കൂടുതല്‍ അറിവുണ്ടാവുക. ജന്മഭൂമിയില്‍ ശ്രീധരന്‍പിള്ളക്കെതിരായി കത്ത് പ്രസിദ്ധപ്പെടുത്തിയത് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. പി.എസ് ശ്രീധരന്‍പിള്ള

സാദിഖലി ശിഹാബ് തങ്ങളുമായി അന്ന് കൂടിക്കാഴ്ച നടന്നത് വസ്തുതയാണെന്ന് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ഞാന്‍ സത്യത്തിന്റെയും ധര്‍മത്തിന്റെയും ഭാഗത്താണുള്ളത്. ജന്മഭൂമി ഒരു ട്രസ്റ്റിന്റെ പത്രമായതിനാല്‍ അതില്‍ വരുന്നത് പാര്‍ട്ടി അഭിപ്രായമായി കാണുന്നില്ല. വേറെ ചില ഗൂഢ സംഘമാണ് തനിക്കെതിരായി കത്ത് പ്രസിദ്ധപ്പെടുത്തിയതിന് പിന്നിലുള്ളത്. അതാരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പൊതു സമൂഹത്തില്‍ ആരോടും ബന്ധപ്പെടാതിരിക്കണമെന്ന് പറയുന്നത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.