ലോസ് ആഞ്ചല്‍സ്: ഹോളിവുഡിലെ പഴയകാല ഗ്ലാമര്‍ താരം ജെയ്ന്‍ റസല്‍(89) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് റസല്‍ ചികിത്സയിലായിരുന്നു. കാലിഫോര്‍ണിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

1943ല്‍ ദ ‘ഔട്ട്‌ലോ’ എന്ന ചിത്രത്തിലൂടെയാണ് റസലിന്റെ ചലച്ചിത്രലോകത്തേയ്ക്കുള്ള രംഗപ്രവേശം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 1953ല്‍ ‘ജെന്റില്‍മാന്‍ പ്രിഫര്‍ ബ്‌ളോന്‍ഡ്‌സ’എന്ന ചിത്രത്തില്‍ മര്‍ലിന്‍ മണ്‍റോയ്‌ക്കൊപ്പം ഒരുമിച്ചു അഭിനയിച്ചു. 1970ല്‍ പുറത്തിറങ്ങിയ ‘ഡാര്‍ക്കര്‍ ദാന്‍ ആംപെര്‍’ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. 2007ല്‍ ഹോളിവുഡ് ഓണ്‍ ഫയര്‍ എന്ന ഡോക്യുമെന്ററി ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

അഭ്രപാളിയില്‍ അക്കാലത്തെ ഏറ്റവും പുതുമയേറിയ ഗ്ലാമര്‍ വേഷങ്ങളിലും റസല്‍ നിറഞ്ഞുനിന്നിരുന്നു. വേള്‍ഡ് അഡോപ്ഷന്‍ ഇന്റര്‍നാഷണല്‍ ഫണ്ടിന് സാമ്പത്തിക സഹായം നല്‍കിയിരുന്ന റസല്‍ മൂന്നു കുട്ടികളെയും ദത്തെടുത്തിരുന്നു.