pinaray1


ഞാനും ഞാനും എന്റെ നാല്‍പതുപേരും’ എന്ന ഒരു മാടമ്പി കുടുംബത്തിന്റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവര്‍ കാലത്തിനും സമൂഹത്തിനും മുന്നില്‍ കഥാവശേഷരാകുമെന്നോര്‍ക്കുക.

Subscribe Us:

തിരുവനന്തുപരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. ലോ അക്കാദമി വിഷയത്തില്‍ ഭൂമി തിരിച്ചുപിടിക്കില്ലെന്നു പറയുന്നവര്‍ ചരിത്രം അറിയണമെന്ന് ജനയുഗം പറയുന്നു.

രണ്ടു ലേഖനങ്ങളിലൂടെയാണ് ജനയുഗം മുഖ്യമന്ത്രിക്കെതിരെ നിലപാട് എടുത്തിരിക്കുന്നത്. ഏതോ ഒരു പിള്ളയല്ല, നടരാജന്‍പിള്ള’യെന്ന് വി.പി. ഉണ്ണികൃഷ്ണന്‍ എഴുതിയ ലേഖനവും ‘സര്‍ സിപി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍…?’ എന്ന് വാതില്‍പ്പഴുതിലൂടെയെന്ന കോളത്തില്‍ ദേവിക എഴുതിയ ലേഖനവുമാണ് മുഖ്യമന്ത്രിക്കെതിരെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.


Also Read: കോസ്റ്റ് ഗാര്‍ഡിന്റെ സ്പീഡ് ബോട്ടില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ കടലിലേക്ക് എടുത്ത് ചാടി . . പിന്നീട് സംഭവിച്ചത്. . . – 


പണ്ട് ഭൂമി പതിച്ചുനല്‍കിയതു സര്‍ക്കാരിനു കൂടി അധികാരമുള്ള ട്രസ്റ്റിനാണെന്നും അതെങ്ങനെ ഒരു കുടുംബക്കാരുടേതായി എന്നതിന് ഉത്തരം നല്‍കണമെന്നും ലേഖനങ്ങളില്‍ ആവശ്യപ്പെടുന്നു.

‘1967-69കാലത്തെ സപ്തകക്ഷി മുന്നണി മന്ത്രിസഭയുടെ കാലത്താണ് 11.45 ഏക്കറോളം ഭൂമി നിയമകലാലയം ആരംഭിക്കുന്നതിനായി മൂന്നുവര്‍ഷത്തെ പാട്ടക്കാലാവധിയോടെ അനുവദിച്ചത്. കൃഷി വകുപ്പിനു കീഴിലുള്ള ഭൂമിയാണ് നല്‍കിയത്. ഇ.എം.എസ് മുഖ്യമന്ത്രിയും എം.എല്‍ ഗോവിന്ദന്‍ നായര്‍ കൃഷിവകുപ്പുമന്ത്രിയുമാരിയുന്നു.’ എന്നു വിശദീകരിക്കുന്ന ലേഖനം സി.പി രാമസ്വാമി അയ്യര്‍ ഏറ്റെടുത്ത ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി പരിശോധനയുമില്ലെന്ന് പറയുന്ന മഹാരഥന്മാര്‍ ചരിത്രം ഓര്‍ക്കണമെന്നും പറയുന്നു.

നിര്‍ധരരും പിന്നാക്കക്കാരുമായ കുട്ടികള്‍ക്ക് നിയമവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ആരംഭിച്ച കലാലയം എങ്ങനെ ഏകാധിപത്യത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ജന്മിത്വ ദുഷ്പ്രഭുത്വത്തിന്റെയും കേന്ദ്രമായി എന്ന ചോദ്യമാണ് പൊതുസമൂഹം ഉന്നയിക്കുന്നതെന്നും വി.പി ഉണ്ണികൃഷ്ണന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍ സമീപനത്തെയും ജനയുഗം ചോദ്യം ചെയ്യുന്നുണ്ട്.
‘ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അമാന്തമെന്തിന്? കേസ് എടുക്കുവാന്‍ നിര്‍ബന്ധിതമായതിനുശേഷം അറസ്റ്റു ചെയ്യുവാന്‍ മടിക്കുന്നതെന്തിന്? വനിതാ ഹോസ്റ്റലിലെ കുളിമുറികളില്‍ ക്യാമറ സ്ഥാപിച്ചതെന്തിന്?’ തുടങ്ങിയ ചോദ്യങ്ങളാണ് ലേഖനം ഉയര്‍ത്തുന്നത്.

നിര്‍ധനരും പിന്നാക്കക്കാര്‍ക്കുംവേണ്ടി തുടങ്ങിയ സ്ഥാപനമാണ് ലോ അക്കാദമി. ഇന്നതു ജന്മിത്വദുഷ്പ്രഭുത്വത്തിന്റെ കേന്ദ്രമാണ്. സര്‍ സി.പി ഭൂമി പിടിച്ചെടുത്തതു ശരിയാണെന്നാണോ പറയുന്നത്? അങ്ങനെയെങ്കില്‍ പുന്നപ്ര – വയലാര്‍ സമരക്കാര്‍ ക്രിമിനലുകളാണോയെന്നും ലേഖനത്തില്‍ ചോദിക്കുന്നു.

‘ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ പടയണി തീര്‍ത്തതിന്റെ പേരില്‍ നടരാജപിള്ള സാറിന്റെ ഭൂമി കണ്ടുകെട്ടിയ നടപടി ശരിയായിരുന്നോ? സി.പി.യുടെ തേര്‍വാഴ്ചകള്‍ ശരിയാണെങ്കില്‍ ദിവാന്‍ ഭരണത്തിനെതിരെ വാരിക്കുന്തവുമായി പോരിനിറങ്ങി രക്തഗംഗാതടങ്ങള്‍ തീര്‍ത്ത് രക്തസാക്ഷികളായ ത്യാഗോദാരരായ പുന്നപ്ര വയലാര്‍ സമരധീരന്മാരെ കൊടും ക്രിമിനലുകളായി മുദ്രകുത്തുമോ?’ ലേഖനം ചോദിക്കുന്നു.

ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവരെ ചരിത്രം ചവറ്റുകുട്ടയില്‍ എറിയുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.

‘ഞാനും ഞാനും എന്റെ നാല്‍പതുപേരും’ എന്ന ഒരു മാടമ്പി കുടുംബത്തിന്റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവര്‍ കാലത്തിനും സമൂഹത്തിനും മുന്നില്‍ കഥാവശേഷരാകുമെന്നോര്‍ക്കുക. ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകള്‍ കാത്തിരിക്കുന്നുവെന്നും ആരും മറക്കരുത്.’ ലേഖനം ഓര്‍മിപ്പിക്കുന്നു.