എഡിറ്റര്‍
എഡിറ്റര്‍
ഗോത്രവര്‍ഗ സ്വയംഭരണ കൗണ്‍സില്‍ ആവശ്യവുമായി ജനതാദള്‍ യു
എഡിറ്റര്‍
Wednesday 28th November 2012 8:54am

അഹമ്മദാബാദ്: ഗോത്രവര്‍ഗ മേഖലക്ക് പ്രത്യേക സ്വയംഭരണ കൗണ്‍സില്‍ എന്ന ആവശ്യവുമായി ജനതാദള്‍ യുനൈറ്റഡ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കാമ്പയിനിലാണ് ജനതാദള്‍ യുനൈറ്റഡ് ശക്തമായ ഈ ആവശ്യവുമായി രംഗത്തെത്തിയത്.

പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള ഗോത്രവര്‍ഗ വിഭാഗങ്ങളെ സ്വന്തം ചേരിയില്‍ പിടിച്ചുനിര്‍ത്താന്‍ വേണ്ടി, ഈ ആവശ്യമുന്നയിച്ച് പ്രചാരണം ശക്തമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഗോത്രവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ആത്മാര്‍ഥതയില്ലെന്ന് ജനതാദള്‍യു ആരോപിക്കുന്നു.

Ads By Google

ബിഹാറില്‍ ബി.ജെ.പിയുമായി സഖ്യത്തിലാണെങ്കിലും ഗുജറാത്തില്‍ അവരെ ശക്തമായി ആക്രമിച്ച്, ഒറ്റക്ക് വോട്ടെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി തീരുമാനം. 53 മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിക്കഴിഞ്ഞു. ഇതില്‍ 28 ഗോത്രവര്‍ഗക്കാരും ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയുമാണുള്ളത്. വെള്ളിയാഴ്ചയോടെ 50 മണ്ഡലങ്ങളില്‍കൂടി പത്രിക നല്‍കാനാണ് തീരുമാനം.

മൊത്തം 182 മണ്ഡലങ്ങളില്‍ നൂറിടത്തും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന പാര്‍ട്ടി അധ്യക്ഷനും ഗോത്രവര്‍ഗക്കാരനുമായ ഛോട്ടുഭായ് വാസവ, ജഗാഡിയ മണ്ഡലത്തില്‍നിന്ന് തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്. ഗുജറാത്തിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തോളം ഗോത്രവര്‍ഗക്കാരാണ്.

മുപ്പത്തഞ്ചോളം മണ്ഡലങ്ങളില്‍ ഇവര്‍ നിര്‍ണായക ശക്തിയാണ്. ഇവര്‍ക്ക് 15 മുതല്‍ 50 ശതമാനം വരെ വോട്ട് നിലയുള്ള മണ്ഡലങ്ങളുമുണ്ട്. ഗോത്രവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് പ്രത്യേക സ്വയംഭരണ കൗണ്‍സില്‍ രൂപവത്കരിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് ഛോട്ടുഭായ് വാസവ പറയുന്നു.

അസമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും മാതൃകയില്‍ ഗോത്രവര്‍ഗക്കാര്‍ക്കായി സ്വയംഭരണ കൗണ്‍സില്‍ രൂപവത്കരിക്കണം. ഇത് അവര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശം കൂടിയാണ്. ഗോത്രവര്‍ഗക്കാരുടെ സ്വത്തുക്കളുടെ സംരക്ഷണത്തിനും അവരുടെ സുസ്ഥിര വികസനത്തിനും സഹായകമായ രീതിയില്‍ സ്വയംഭരണ കൗണ്‍സില്‍ രൂപവത്കരിക്കാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ തയാറാകണം.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഉന്നയിക്കുന്ന പ്രധാന ആവശ്യം ഇതായിരിക്കുമെന്നും ഛോട്ടുഭായ് വാസവ ചൂണ്ടിക്കാട്ടി. പ്രത്യേക ഗോത്രവര്‍ഗ താലൂക്കുകളും ജില്ലകളും രൂപവത്കരിക്കുമെന്ന മോഡി പ്രഖ്യാപനം കണ്ണില്‍ പൊടിയിടാനാണെന്ന് അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണിത്. ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ 2006ലെ പരമ്പരാഗത വനവാസി നിയമം നടപ്പാക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisement