എഡിറ്റര്‍
എഡിറ്റര്‍
ജനസംസ്‌കൃതി നാടക മത്സരം; ടി.പിയെ ഒറ്റുകാരനായി ചിത്രീകരിച്ച ഒറ്റ് മികച്ച നാടകം
എഡിറ്റര്‍
Wednesday 6th August 2014 4:40pm

janam2 ന്യൂദല്‍ഹി: ദല്‍ഹി ജനംസംസ്‌കൃതി സംഘടിപ്പിച്ച 25മത് സഫ്ദര്‍ ഹാഷ്മി നാടക മത്സരത്തില്‍ ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ ഒറ്റുകാരനായി ചിത്രീകരിച്ച ‘ഒറ്റ്’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൗരവരെയും യൂദാസ് ശ്ലീഹയെയും വ്യത്യസ്തമായ കോണില്‍ അവതരിപ്പിച്ച നാടകത്തില്‍ ടി.പി ചന്ദ്രശേഖരനെ ഒറ്റുകാരനായാണ് ചിത്രീകരിച്ചിട്ടുള്ളത്. സി.പി.ഐ.എമ്മിനു കീഴിലുള്ള സാംസക്കാരിക സംഘടനായാണ് ജനംസംസ്‌കൃതി.

ടി.പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സമയത്ത് സി.പി.ഐ.എം കടന്നാക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ ആണ് താന്‍ ഈ നാടകം എഴുതിയതെന്ന് സമ്മാനദാന ചടങ്ങില്‍ നാടക രചയിതാവ് പ്രദീപ് മണ്ടൂര്‍ പറഞ്ഞു. മികച്ച നാടകപുരസ്‌കാരത്തിന് പുറമേ മികച്ച സംവിധായികയ്ക്കും മികച്ച രണ്ടാമത്തെ നടിക്കുമുള്ള പുരസ്‌കാരവും ഒറ്റ് നേടി. ഹിമ എസ.് ആണ് സംവിധായിക. മികച്ച രണ്ടാമത്തെ നടിയായി നിമിഷ രാജേന്ദ്രനും പുരസ്‌ക്കാരം നേടി.

‘രണ്ടാം ജന്മം ‘ നാടകത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച എം.കെ പ്രകാശനാണ് മികച്ച നടന്‍. ഒരു കൊള്ള പലിശക്കാരനെ നേര്‍വഴിയിലേക്ക് നടത്താന്‍ സമൂഹം അദ്ദേഹത്തെ മരിച്ചവനായി വിശ്വസിപ്പിക്കുന്ന കഥ ഹാസ്യഭാഷയില്‍ അവതരിപ്പിക്കുന്ന നാടകമാണ് ‘രണ്ടാം ജന്മം’.

janamm

ഗിരീഷ് കര്‍ണാഡ് രചിച്ച നാഗമണ്ഡല എന്ന നാടകത്തിലെ അഭിനയത്തിനു ഗീതാ രാധാകൃഷ്ണന്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കി. കര്‍ണ്ണാടകയിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് നാഗമണ്ഡല പറയുന്നത്. അനീതിക്കെതിര മൃഗങ്ങള്‍ പോലും പ്രതികരിക്കുമ്പോള്‍ മനുഷ്യന്‍ എന്ത്‌കൊണ്ട് പ്രതികരിക്കുന്നില്ല എന്ന സന്ദേശമാണ് ഈ നാടകം നല്‍കുന്നത്.

ബ്ലേഡ് പലിശക്കാരെ പണത്തിനു പകരം ഒരു റാത്തല്‍ മാംസം ആവശ്യപെട്ട ഷൈലോക്കിനോട് ഉപമിച്ച നാടകത്തിനുള്ളിലെ നാടകത്തിന്റെ കഥ പറഞ്ഞ ‘നാടക ശാല’ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാര്‍ഡ് പങ്കിട്ടു. അജിത് ജി. മണിയന്‍ സംവിധാനം ചെയ്ത ഈ നാടകം ഓപ്പറേഷന്‍ കുബേരയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് അവതരിപ്പിച്ചത്. ഈ നാടകത്തില്‍ അഭിനയിച്ച അമൈറ എന്ന പിഞ്ചുകുഞ്ഞ് പ്രോത്സാഹന സമ്മാനം നേടി.

‘മണ്ണും വിറ്റു പെണ്ണും വിറ്റു ഇനി വില്ക്കാനെന്തുണ്ട് വിണ്ണും വിറ്റു നീരും വിറ്റു ഇനി വില്‍ക്കനെന്തുണ്ട് സ്വപ്നം വിറ്റു സത്യം വിറ്റു ഇനി വില്‍ക്കനെന്തുണ്ട് പ്രണയം വിറ്റു മരണം വിറ്റു ഇനി വില്‍ക്കനെന്തുണ്ട്’ എന്ന ചോദ്യവുമായാണ് ‘ഓക്‌സികാര്‍ഡ് പ്ലസ്’ അരങ്ങേറിയത്. എല്ലാം സ്വകാര്യവല്‍ക്കരിക്കപെടുന്ന നാട്ടില്‍ ഓക്‌സിജനും സ്വകാര്യവല്‍ക്കരിക്കപെടുന്ന ഒരു നാള്‍ വരും എന്ന സന്ദേശമായിരുന്നു അഹര്‍ഷ് ആര്‍.പി.എസ് സംവിധാനം ചെയ്ത നാടകത്തിനു പറയാനുണ്ടായിരുന്നത്. ഈ നാടകത്തിലെ അഭിനയത്തിനു ഷിബു ആര്‍.എസ് മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടു.

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹത്തിന്റെ വികാര തീവ്രതയും നിസംഗതയും പിന്നെ മറവിയും ദൃശ്യവത്ക്കരിക്കാന്‍ ‘വെല്‍ വറ്റ് തറയിലെ ടുലിപ് പൂക്കള്‍ക്ക് ‘ കഴിഞ്ഞു. ഈ നാടകം സംവിധാനം ചെയ്ത ശ്യാം എസ.് നായര്‍ പ്രോത്സാഹന സമ്മാനം നേടി.

മാരിപൊവാന്‍ വേണ്ടി ആടാന്‍ വന്ന വേടനു ദക്ഷിണയായി ചെങ്കൊടി കൊടുത്ത ‘നാട്ടിലെ പാട്ട്’ കേരളത്തിലെ പോയകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്റെ നേര്‍ചിത്രം അവതരിപ്പിച്ചു. ചെറ്റകുടിലില്‍ ജാതിയും മതവും വാഴുകയില്ല എന്ന സന്ദേശം പ്രേക്ഷകരില്‍ എത്തിക്കാന്‍ ഈ നാടകത്തിനു കഴിഞ്ഞു. ഈ നാടകത്തിലെ അഭിനയത്തിനു രാധാകൃഷ്ണന്‍ വയനാട് മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് നേടി.

janam4

വിശപ്പിനേക്കാള്‍ വലുതല്ല വികസനം എന്ന സന്ദേശമായിരുന്നു ‘മണ്ടന്‍ പാപ്പിയുടെ’ ഇതിവൃത്തം. സ്വന്തം ക്രിഷിഭൂമി ഭൂമാഫിയയുടെ കയ്യില്‍ നിന്നും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ പാപ്പി പരജയപെടുന്ന കഥ ഭൂമാഫിയയുടെ ചതിക്കുഴികളെ തുറന്ന് കാട്ടി. ബഷീറിന്റെ മതിലുകളൂടെ കഥ ബഷീറിന്റെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ‘മതിലുകള്‍ക്കപ്പുറത്ത് എന്ന നാടകത്തില്‍ അവതരിപ്പിക്കപ്പെട്ടു. നാടകത്തിന്റെ അവസാനം ബഷീറിന്റെ ഭാര്യ ‘എന്തുകൊണ്ട് നിങ്ങള്‍ നാരായണിയെ വിവാഹം കഴിച്ചില്ല’ എന്ന് പറഞ്ഞ് പിണങ്ങി പൊവുന്ന രംഗം കാണികള്‍ക്ക് വ്യത്യസ്ത അനുഭവമായി.

 

പ്രണയത്തെ മതത്തിന്റെ അംഗസംഖ്യ കൂട്ടാനുള്ള ഉപകരണമായി കാണുന്ന മനുഷ്യരെ ‘വെയിറ്റിങ്ങ് ഷെഡ്’ എന്ന നാടകത്തില്‍ അവതരിപ്പിച്ചു. ഈ നാടകത്തിലെ അഭിനയത്തിനു ലത നായര്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കി.

സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിചുവരുന്ന ആക്രമങ്ങള്‍ ആയിരുന്നു ‘കുഞ്ഞിരാമന്‍ എന്ന നാടകത്തിന്റെ പശ്ചാത്തലം. സ്ത്രീകള്‍ ഇത്രയും അരക്ഷിതരായ ലോകത്തില്‍ തന്റെ കുഞ്ഞ് പിറക്കരുതെന്ന് ചിന്തയില്‍ ഗര്‍ഭിണിയായ ഭാര്യയെ കൊല്ലുന്ന കഥയായിരുന്നു ഈ നാടകത്തിന്റെ ഇതിവൃത്തം. ഈ നാടകത്തിലെ അഭിനയത്തിനു ബെന്നി ചാക്കൊ അഭിനയമികവിനുള്ള പ്രോത്സാഹന സമ്മാനം നേടി.

ന്യൂദല്‍ഹി ആസാദ് ഭവനിലെ ഐ.സി.സി.ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന നാടക മത്സരം സഫ്ദര്‍ ഹാഷ്മിയുടെ ഭാര്യയും പ്രമുഖ നാടക കലാകാരിയും ആയ മലൊയ് ശ്രീ ഹാഷ്മി ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ ഓം ചേരി, എന്‍.എന്‍ പിള്ള, സാംകുട്ടി പട്ടംക്കാരി, ടി.കെ സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനസംസ്‌കൃതിയുടെ 11 ശാഖകള്‍ ഈ നാടക മത്സരത്തില്‍ പങ്കെടുത്തു. ആഗസ്ത് 31 ഇതേ വേദിയില്‍ കുട്ടികളുടെ നാടക മത്സരം അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisement