എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് ജനസമ്പര്‍ക്കപരിപാടി ആരംഭിച്ചു: പ്രതിപക്ഷത്തിന്റെ മാര്‍ച്ച് പോലീസ് തടഞ്ഞു
എഡിറ്റര്‍
Monday 4th November 2013 9:51am

janasambarkam

മലപ്പുറം: മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി. 380 പരാതികളാണ് ഇന്ന് മുഖ്യമന്ത്രി ആദ്യം സ്വീകരിക്കുന്നത്.

അതേസമയം ജനസമ്പര്‍ക്ക വേദിയിലേക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. കളക്ടറേറ്റിന് മുമ്പില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

ഏതാണ്ട് അഞ്ഞൂറോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്.

രണ്ടായിരത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി നിയമിച്ചിട്ടുണ്ട്. മുഖ്യവേദിയില്‍ ആറ് സിസി ടിവി കാമറകളും കാവുങ്ങല്‍, മൂന്നാംപടി, എംഎസ്പിയ്ക്ക് സമീപത്തുള്ള പെട്രോള്‍ പമ്പ് എന്നിവിടങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്

ഇന്ന് ഉച്ചയ്ക്കു ശേഷം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി മുഖ്യമന്ത്രി പരാതികള്‍ നേരിട്ടു സ്വീകരിക്കും.

പതിനായിരത്തോളം പരാതികളാണ് നേരത്തെ ലഭിച്ചത്. ഇതില്‍ 2609 എണ്ണം തള്ളിയിരുന്നു. അവസാന പരാതിയും കേട്ട ശേഷമേ വേദി വിടുകയുള്ളു എന്ന് മുഖ്യമന്ത്രി അറിയിച്ചു.

പരിശോധനകള്‍ക്കു ശേഷമാണ് ആളുകളെ ജനസമ്പര്‍ക്ക വേദിയിലേക്ക് കടത്തിവിടുന്നത്. പ്രദേശത്തേക്കുള്ള റോഡ് ഗതാഗതവും രാവിലെ ആറു മുതല്‍ നിയന്ത്രണവിധേയമാക്കി.

കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.

സുരക്ഷാ കാരണങ്ങളാല്‍ കോട്ടപ്പടി താലൂക്ക് ആസ്പത്രിയില്‍ നടക്കുന്ന കുത്തിവെപ്പ് വാരാചരണ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് കുത്തിവെപ്പ് വാരാചരണ പരിപാടി ഉദ്ഘാടനം ചെയ്തത്.

Advertisement