എഡിറ്റര്‍
എഡിറ്റര്‍
നേതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത പ്രവര്‍ത്തകരെയും വധിച്ചു: സി.പി.ഐ.എമ്മിനെതിരെ ആരോപണങ്ങളുമായി ജനശക്തി
എഡിറ്റര്‍
Wednesday 6th June 2012 9:13am

തിരുവനന്തപുരം: മണിയുടെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിരോധത്തിലായ സി.പി.ഐ.എമ്മിനെതിരെ പുതിയ ആരോപണങ്ങളുമായി ജനശക്തി വാരിക. സി.പി.ഐ.എം വിട്ടവര്‍ തുടങ്ങിയ വാരികയുടെ പുതിയ ലക്കത്തില്‍ പാര്‍ട്ടി രക്തസാക്ഷിത്വം ആചരിക്കുന്നവരുടെ കൊലപാതകത്തിന് പിന്നിലും നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപിക്കുന്നത്. വാരികയിലെ ‘കണ്ണൂരില്‍ ആരും കേള്‍ക്കാത്ത നിലവിളികള്‍’ എന്ന ലേഖനത്തിലാണ് പാര്‍ട്ടിയ്‌ക്കെതിരെ ശക്തമായ ആരോപണവുമായി ജനശക്തി രംഗത്തെത്തിയിരിക്കുന്നത്.

നേതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകരെയും സി.പി.ഐ.എം ക്വട്ടേഷന്‍ നല്‍കി വധിച്ചിട്ടുണ്ടെന്നാണ് ജനശക്തി വാരിക പറയുന്നത്. സി.പി.ഐ.എം രക്തസാക്ഷി ദിനം ആചരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകം എടുത്തു പറഞ്ഞാണ് ജനശക്തി ആരോപണമുന്നയിക്കുന്നത്. ജില്ലയിലെ ഉന്നത നേതാവിന് ഈ കൊലപാതകത്തില്‍ പങ്കുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി തോറ്റതിന്റെ പ്രധാന കാരണവും ഇത് തന്നെയാണെന്നും ജനശക്തി ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടി അംഗവും യുവജനസംഘടനാ പ്രവര്‍ത്തകനുമായ ധനേഷിന്റെ കൊലപാതകമാണ് ജനശക്തി പരാമര്‍ശിക്കുന്നത്. പാര്‍ട്ടി നേതാവിന്റെ മകളെ പ്രണയിച്ചതിന്റെ പേരില്‍ ഒരു യുവാവിനെ മദ്യത്തില്‍ വിഷം കലര്‍ത്തി കൊന്നിട്ട് ഹൃദയാഘാതം വന്നു മരിച്ചതായി ബോധ്യപ്പെടുത്തിയെന്ന് വാരിക ആരോപിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം പോലും ചെയ്യാതെ മൃതദേഹം ധൃതിയില്‍ സംസ്‌കരിച്ചു. ഇത് ചെയ്തവരില്‍പ്പെട്ട ഒരാളായ ധനേഷ് കൂട്ടുകാരോട് സത്യം തുറന്നു പറഞ്ഞതോടെയാണ് കൊല്ലപ്പെട്ടതെന്ന് വാരിക പറയുന്നു.

2008ജനുവരി 12 ധനേഷ് അഴീക്കോട് മീന്‍കുന്നില്‍വെച്ച് മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിരയായെന്നും കൊലപാതക സംഘത്തിലെ ഒരാള്‍ ടി.പി ചന്ദ്രശേഖരന്‍ വധത്തിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. ‘നേരത്തെ ആസൂത്രണം ചെയ്തത് പോലെ ബി.ജെ.പിക്കാരാണ് ധനേഷിനെ  വെട്ടിക്കൊന്നതെന്ന് സി.പി.ഐ.എം പ്രചാരണം നടത്തുകയും ബി.ജെ.പിക്കാരുടെ വീടുകള്‍ ആക്രമിച്ച് തകര്‍ക്കുകയും ചെയ്തു. ധനേഷിന്റെ രക്തസാക്ഷി ദിനാചരണം കൊണ്ടാടുന്ന പാര്‍ട്ടി അഞ്ചുലക്ഷം രൂപ കുടുംബ സഹായവും കൊടുത്തു’- വാരിക പറയുന്നു.

കണ്ണൂരില്‍ നടന്നതും രാഷ്ട്രീയ സ്വഭാവമുള്ളതെന്ന് തോന്നിപ്പിക്കുന്നതുമായ പല കൊലപാതകങ്ങള്‍ക്ക് പിന്നിലും ഇത്തരത്തിലുള്ള ഗൂഢാലോചനകളുണ്ടെന്നും വാരിക ആരോപിക്കുന്നു. ‘ധനേഷിന്റെ പോലെ ദുരൂഹമായൊരു കൊലപാതകമായിരുന്നു ഡി.വൈ.എഫ്.ഐ യൂനിറ്റ് ഭാരവാഹിയായിരുന്ന തലശേരി വടക്കുംപാട്ടെ സുകേഷിന്റേത്. 1997 ഫെബ്രുവരി 25ന് കൊലചെയ്യപ്പെട്ട സുകേഷിന്റെ വധത്തിന് പിന്നില്‍ മുസ്‌ലീം തീവ്രവാദികളാണെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്. പാര്‍ട്ടി നേതൃത്വവുമായി അടുപ്പമുള്ള വ്യവസായിയുടെ ആവശ്യപ്രകാരം സി.പി.ഐ.എം ക്വട്ടേഷന്‍ സംഘമാണ് സുകേഷിനെ കൊലചെയ്തതെന്ന് പലരും വിശ്വസിക്കുന്നു’- വാരിക ആരോപിക്കുന്നു.

തലശേരി ഏരിയാ കമ്മിറ്റിയംഗവും  സ്‌കൂള്‍ പ്രിന്‍സിപ്പലുമായ വി.കെ സുരേഷ്ബാബുവിനെ ആക്രമിച്ചതിലും ദൂരൂഹതയുണ്ടെന്ന് വാരിക പറയുന്നു. തലശേരി എരഞ്ഞോളി പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ വെട്ടിയും ചതുപ്പ് നികത്തിയും കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കാനരുങ്ങിയ കരാറുകാരനെതിരെ നിലപാടെടുത്ത പ്രവര്‍ത്തകനും ആക്രമണത്തിന് ഇരയായി.

Advertisement