ഹൈദരാബാദ്: അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നവംബര്‍ 14 വരെ നീട്ടി. റെഡ്ഡിക്കൊപ്പം അറസ്റ്റിലായ ബന്ധു ബി.വി ശ്രീനിവാസ റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡിയും 14 വരെ നീട്ടിയിട്ടുമ്ട്. നേരത്തെ ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 17 വരെ നീട്ടിയിരുന്നു.

പ്രത്യേക സിബിഐ കോടതിയുടെതാണു വിധി. ചോദ്യം ചെയ്യലിനായി കൂടുതല്‍ സമയം ആവശ്യമാണെന്നു സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു കോടതി ഉത്തരവ്. വീഡിയോ കണ്‍ഫറന്‍സിംഗിലൂടെയാണ് പ്രത്യേക സി.ബി.ഐ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Subscribe Us:

ഇരുവരും അറസ്റ്റിലായതിന് ശേഷം നിരവധിപേര്‍ ഇവര്‍ക്കെതിരെ തെളിവുമായി രംഗത്തെത്തിയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ ഭീക്ഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സി.ബി.ഐ കോടതിയെ ധരിപ്പിച്ചിരുന്നു.

അനധികൃതമായി ഖനനം നടത്തിയതിന് റെഡ്ഡി സഹോദരന്‍മാരായ ജനാര്‍ദന റെഡ്ഡി, കരുണാകര റെഡ്ഡി എന്നിവര്‍ക്കെതിരെ ലോകായുക്ത റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ അഞ്ചിനാണ് ജനാര്‍ദ്ദന റെഡ്ഡിയെയും ശ്രീനിവാസ റെഡ്ഡിയെയും സി.ബി.ഐ അറസ്റ്റുചെയ്തത്. അഴിമതി തടയല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സി.ബി.ഐ നടത്തിയ പരിശോധനയില്‍ മുന്ന് കോടിരൂപയും 30 കിലോ സ്വര്‍ണ്ണവും ജനാര്‍ദ്ദന റഡ്ഡിയുടെ വീട്ടില്‍ നിന്നും 1.5 കോടി രൂപ ശ്രീനിവാസ റെഡ്ഡിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിയിരുന്നു.