ഹൈദരാബാദ്: അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡി അടുത്തമാസം മൂന്നു വരെ നീട്ടി. നാമ്പള്ളി പ്രത്യേക കോടതി ജഡ്ജി നാഗമൂര്‍ത്തി ശര്‍മയുടേതാണ് ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട് ജനാര്‍ദ്ദന റെഡ്ഡിയെ സി.ബി.ഐ ഇന്നലെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ റെഡ്ഡിയുടെ ബാങ്ക് ലോക്കറുകളില്‍ നിന്ന് 10 കിലോഗ്രാം സ്വര്‍ണവും സി.ബി.ഐ കണ്ടെടുത്തിരുന്നു.

സെപ്റ്റംബര്‍ അഞ്ചിനാണ് ജനാര്‍ദ്ദന റെഡ്ഡിയെയും ശ്രീനിവാസ റെഡ്ഡിയെയും സി.ബി.ഐ അറസ്റ്റുചെയ്തത്. അഴിമതി തടയല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സി.ബി.ഐ നടത്തിയ പരിശോധനയില്‍ മുന്ന് കോടിരൂപയും 30 കിലോ സ്വര്‍ണ്ണവും ജനാര്‍ദ്ദന റഡ്ഡിയുടെ വീട്ടില്‍ നിന്നും 1.5 കോടി രൂപ ശ്രീനിവാസ റെഡ്ഡിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിയിരുന്നു.

അനധികൃതമായി ഖനനം നടത്തിയതിന് റെഡ്ഡി സഹോദരന്‍മാരായ ജനാര്‍ദന റെഡ്ഡി, കരുണാകര റെഡ്ഡി എന്നിവര്‍ക്കെതിരെ ലോകായുക്ത റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്ന് ഇരുമ്പയിര് കടത്തിയതായാണ് ഇവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. ജനാര്‍ദ്ദന റെഡ്ഡിക്കെതിരെ സന്ദൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഒന്‍പതു ജാമ്യമില്ലാ വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു.