റിയാദ് :ഭാരതത്തിന്റെ നിയമ വ്യവസ്ഥകളില്‍ ഒരു പദ പ്രയോഗം സ്ഥാനം പിടിക്കാന്‍ പോകുന്നു-‘ലിഞ്ചിങ് ‘, നീതിന്യായ വ്യവസ്ഥകള്‍ അട്ടിമറിച്ചു കൊണ്ട് ആള്‍ക്കൂട്ടം ദുര്‍ബ്ബലരായ മനുഷ്യരെ ശാരീരികമായി ആക്രമിക്കുന്നതിനെയാണ് ലിഞ്ചിങ് എന്ന പദം കൊണ്ട് ഉദേശിക്കുന്നത്.

നാട്ടില്‍ നടന്നു വരുന്ന ലിഞ്ചിങ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക് ഊര്‍ജ്ജം പകര്‍ന്നു കൊണ്ട് രാഷ്ട്രപതിക്ക് പതിനായിരങ്ങള്‍ ഒപ്പിട്ട ഭീമ ഹര്‍ജി നല്‍കുവാന്‍ തീരുമാനിച്ചതായി റിയാദിലെ ഇരുപതോളം സംഘടനകള്‍ ചേര്‍ന്ന് രൂപം കൊടുത്ത ജനാധിപത്യ മതേതര വേദി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ആള്‍ക്കൂട്ടങ്ങള്‍ നിരപരാധികളെ തല്ലികൊല്ലുമ്പോള്‍ അത് തടയാനുള്ള ഫലപ്രദമായ വ്യവസ്ഥകള്‍ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങളില്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ശരിയായ രീതിയില്‍ ലിഞ്ചിങ് തടയാനോ നിയമനടപടികള്‍ സ്വീകരിക്കാനോ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

സുപ്രീം കോടതിയിലെ അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ഒരു ‘ആന്റി ലിഞ്ചിങ് ‘ നിയമം പാര്‍ലമെന്റില്‍ പാസാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം കൊടുക്കണമെന്നാവശ്യപ്പെട്ട് രാജ്യ വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുകയും ഒരു കരട് നിയമം പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.

ഈ പ്രക്ഷോഭത്തിന് സൗദി അറേബ്യയിലെ നിയമ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് എല്ലാവിധ ആശയ പ്രചാരങ്ങളും വേദി തീരുമാനിച്ചതായി പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ജനാധിപത്യ മതേതര വേദി പ്രെസിഡന്റുമായ ആര്‍. മുരളീധരന്‍ പറഞ്ഞു.

ആഗസ്റ്റ് ആറാം തിയതി ഞായറാഴ്ച ഒപ്പ് ശേഖരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഓഫീസില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ജനാധിപത്യ മതേതര വേദി ഭാരവാഹികളായ ആര്‍. മുരളീധരന്‍, നിബു മുണ്ടിയപ്പള്ളി, ലത്തീഫ് തെച്ചി, മുഹമ്മദ് കുഞ്ഞി ഉദിനൂര്‍, മന്‍സൂര്‍ എന്നിവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ