റിയാദ്: കര്‍ണ്ണാടകത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഗൗരി ലങ്കേഷ് പത്രികയുടെ ചീഫ് എഡിറ്ററും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ നിഷ്ടൂരകൊലപാതകത്തിനെതിരെ റിയാദിലെ ജനാധിപത്യ മതേതരവേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു.

യോഗം എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ എം എന്‍ കാരശ്ശേരി ടെലിഫോണിലൂടെ ഉദ്ഘാടനം ചെയ്തു. ആര്‍ മുരളീധരന്‍ അധ്യക്ഷനായിരുന്നു.

ബി ജെ പിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ മതപരവും ജാതീയവും വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങള്‍ വെറും മുഖം മൂടിയാണെന്നും അടിസ്ഥാനപരമായി അത് കോര്‍പറേറ്റുകളുടെയും ക്രോണി കാപ്പിറ്റലിസത്തിന്റെയും നവ ഉദാരവല്‍ക്കരണത്തിന്റെയും രാഷ്ട്രീയമാണെന്നും അതിനെതിരെ ശബ്ദിക്കുന്ന ആരെയും അവര്‍ വച്ചുപൊറുപ്പിക്കില്ലന്നും നരേന്ദ്ര ദബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ കൊലപാതകങ്ങള്‍ അതാണ് കാണിക്കുന്നതെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത ആരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ പത്രമാധ്യമങ്ങള്‍ ഭൂരിഭാഗവും മോഡി അനുകൂല നിലപാടുകളുള്ളവര്‍ കയ്യടക്കിയിരിക്കുമ്പോള്‍ അത്തരത്തില്‍ ആരാലും വിലക്കെടുക്കാന്‍ കഴിയാത്തതരത്തില്‍ സ്വതന്ത്രവും ജനാധിപത്യപരവും മതേതരത്വപരവും നിഷ്പക്ഷവുമായ നിലപാടുകള്‍ നിര്‍ഭയവുമായി പുലര്‍ത്തിയിരുന്ന ചെറുതെങ്കിലും കരുത്തുറ്റ മാധ്യമസ്ഥാപനമായിരുന്നു. ഗൗരി ലങ്കേഷ് പത്രിക. അതുകൊണ്ടാണ് അവര്‍ കൊല്ലപ്പെട്ടത്. ഇന്ന് ബി ജെ പി ഉയര്‍ത്തുന്ന മതരാഷ്ട്രവാദം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. മതവിഷയത്തില്‍ വിമര്‍ശനം പാടില്ലെന്ന നിലപാട് ഏകാധിപത്യത്തിലേക്ക് മാത്രമേ നയിക്കുകയുള്ളു.

ജാതി ബോധത്തിനും വര്‍ഗീയതക്കും എതിരില്‍ ശക്തമായ രീതിയില്‍ പൊരുതിയ ഗൗരി ലങ്കേഷ് ഫാഷിസത്തിന്റെ ദുഷ് ചെയ്തികളെ ശക്തമായ രീതിയില്‍ എതിര്‍ത്തിരുന്നുവെന്നും വെടിയുണ്ടകളേക്കാള്‍ മൂര്‍ച്ചയുള്ള അവരുടെ വാക്കുകള്‍ സംഘ് പരിവാരത്തിന്റെ അടിവേരറുക്കുന്ന തരത്തിലായിരുന്നുവെന്നും അവരുടെ വിയോഗം മതേതര ഇന്ത്യക്ക് തീരാ നഷ്ടമാണെന്നും മുഖ്യവിഷയാവതരണം നടത്തിയ ബഷീര്‍ ഈങ്ങാപ്പുഴ പറഞ്ഞു.

ഷക്കീല വഹാബ്, മൈമുന അബ്ബാസ്, ഖലീല്‍ പാലോട്, ജയന്‍ കൊടുങ്ങല്ലൂര്‍, ഡൊമിനിക് സൈമണ്‍, ഐ പി ഉസ്മാന്‍കോയ, രാജു ഫിലിപ്പ്, അഹമ്മദ് മേലാറ്റൂര്‍, റസൂല്‍ സലാം, അയൂബ് തരൂപ്പടന്ന, ഫിറോസ് പുതുക്കോട്, അബ്ദുല്ലത്തീഫ് മുണ്ടേരി, ലത്തീഫ് തെച്ചി എന്നിവരും സംസാരിച്ചു.

ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് യോഗം കര്‍ണാടക സര്‍ക്കാരിനോടും കേന്ദ്ര സര്‍ക്കാരിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഹമ്മദ് കുഞ്ഞി ഉദിനൂര്‍ അവതരിപ്പിച്ച പ്രമേയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചുകൊടുക്കും. ഗൗരി ലങ്കേഷിന്റെ കൊലപാതകം തീമാക്കി നടന്ന ലൈവ് ചിത്രരചനയില്‍ റജീന നിയാസ്, നിഹാല സാലിഹ്, ഋഷികേശ് വിജയ് എന്നിവര്‍ പങ്കെടുത്തു.

ഗൗരി ലങ്കേഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഫൈസല്‍ കൊണ്ടോട്ടി സംവിധാനം ചെയ്ത സ്‌കിറ്റ് ആകര്‍ഷകമായി. നജാത്, നിഷ അഹമ്മദ്, സുബി സുനില്‍, ജേക്കബ്, ഹരികൃഷ്ണന്‍, രാജു ഫിലിപ്പ് എന്നിവര്‍ അഭിനയിച്ചു.

ഷറഫുദീന്‍ രചിച്ച രക്തസാക്ഷ്യം എന്ന കവിത കവിതന്നെ ആലപിച്ചു. സയ്യിദ് ഷബീര്‍ രചിച്ച കശാപ്പ് എന്ന കവിത ഷക്കീല വഹാബ് ചൊല്ലി.
ഉബൈദ് എടവണ്ണ സ്വാഗതവും മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ് നന്ദിയും പറഞ്ഞു.