ടി കെ സനീം

ജിദ്ദ: നിര്‍മാണം പൂര്‍ത്തിയായ ജംറ പാലത്തിന്റെ അഞ്ചാംനില ഹജ് തീര്‍ഥാടകര്‍ക്കായി തുറന്നു കൊടുക്കും. 420 കോടി റിയാല്‍ (4956 കോടി രൂപ) ചെലവില്‍ നിര്‍മിച്ച 950 മീറ്റര്‍ നീളവും 80 മീറ്റര്‍ വീതിയുമുള്ള ജംറ പാലത്തില്‍ മണിക്കൂറില്‍ മൂന്നു ലക്ഷം തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. 40 മീറ്റര്‍ ഉയരത്തിലുള്ള മൂന്നു തൂണുകള്‍ തിക്കും തിരക്കും ഒഴിവാക്കി തീര്‍ഥാടകരുടെ സുഗമമായ യാത്രയെ സഹായിക്കും. പാലത്തിന്റെ മുകള്‍നിലയിലേക്കെത്താന്‍ എസ്‌കലേറ്ററും ചവിട്ടുപടികളുമുണ്ട്. പാലത്തിലേക്കു 11 പ്രവേശനകവാടങ്ങളും പുറത്തേക്കു 12 വഴികളുമാണുള്ളത്. ഇതിനു പുറമെ മുകള്‍ നിലയില്‍ ഹെലിപാഡും സജ്ജമാക്കിയിട്ടുണ്ട്.

അഞ്ചു നിലകളില്‍നിന്നും കല്ലെറിയല്‍ കര്‍മം അനുഷ്ഠിക്കാനാകും. മിനാ ഭാഗത്തു നിന്നു വരുന്നവര്‍ ഒന്നാമത്തെ നിലയിലും ദക്ഷിണ മിനായില്‍ നിന്നു വരുന്നവര്‍ രണ്ടാം നിലയിലും മധ്യ മിനായില്‍ നിന്നുള്ളവരും കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ് ഭാഗത്തു നിന്നു വരുന്നവരും യഥാക്രമം മൂന്നും നാലും നിലകളിലുമാണു പ്രവേശിക്കേണ്ടത്. ടോയ്‌ലറ്റ്, സുരക്ഷ, പ്രാഥമിക ചികില്‍സാ സൗകര്യങ്ങളും അഗ്‌നിശമന സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാനായി ഒട്ടേറെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

അന്തരീക്ഷ താപം 29 ഡിഗ്രി സെല്‍ഷ്യസാക്കി ക്രമീകരിച്ചു നിര്‍ത്താനുള്ള സംവിധാനവും പാലത്തില്‍ ഒരുക്കിയിട്ടുണ്ട്. കല്ലെറിയല്‍ കര്‍മത്തിനിടെ തിരക്കുമൂലം അപകടങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയുന്ന വിധത്തിലാണു പാലത്തിന്റെ നിര്‍മാണം. ഇരുവഴികളിലൂടെയും വരുന്ന തീര്‍ഥാടകര്‍ വേര്‍തിരിയുന്ന വിധത്തിലുള്ള സംവിധാനമാണു പാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വണ്‍വേ സംവിധാനമാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. പാലത്തിലോ വഴികളിലോ ഉറങ്ങാനോ ക്യാംപ് ചെയ്യാനോ തീര്‍ഥാടകരെ അനുവദിക്കുകയില്ല.

ഭാവിയില്‍ 12 നില വരെ ഉയര്‍ത്താനും ഒരേസമയം 50 ലക്ഷം തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനും ശേഷിയുള്ള അടിത്തറയാണു പാലത്തിന്റേത്. മുന്‍പ് ഹജ് വേളയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകാറുള്ളത് ജംറ പാലത്തിലായിരുന്നു. തീര്‍ഥാടകര്‍ക്കു പൂര്‍ണ സുരക്ഷ ഉറപ്പാക്കണമെന്ന അബ്ദുല്ല രാജാവിന്റെ നിര്‍ദേശ പ്രകാരമാണു പഴയ ജംറയുടെ സ്ഥാനത്ത് അഞ്ചു നിലകളുള്ള പുതിയ പാലം പണികഴിപ്പിച്ചത്.