ന്യൂദല്‍ഹി: സിനിമ കാണുന്നതിനേയും ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നതിനേയും എതിര്‍ത്ത് ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് പ്രമേയം പുറപ്പെടുവിച്ചു. ഇവ രണ്ടും ഇസ്‌ലാം മതവിശ്വാസത്തെ തകര്‍ക്കുന്നതാണെന്നും ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്നതാണെന്നും കാണിച്ചാണ് പ്രമേയും പാസാക്കിയിരിക്കുന്നത്.

മുസ്‌ലിം യുവാക്കള്‍ ടി.വിയുടേയും സിനിമകളുടേയും അടിമകളാകുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കാന്‍ കര്‍ശനമായ ഇടപെടല്‍ ആവശ്യമാണെന്നും ജംഇയ്യത്ത് പറയുന്നു. ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ലൈംഗിക അരാജകത്വത്തിന് കാരണമാകുന്നുണ്ടെന്നാണ് ജംഇയ്യത്തിന്റെ മറ്റൊരു കണ്ടുപിടുത്തം. എയ്ഡ്‌സ് പ്രതിരോധിക്കാനെന്ന പേരില്‍ ഉറകളെയും ഗര്‍ഭനിരോധന ഗുളികകളേയും കുത്തകകമ്പനികള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ജംഇയ്യത്ത് പറഞ്ഞു.

അതിനിടെ ജംഇയ്യത്തിന്റെ പ്രമേയം ആധുനിക സമൂഹത്തിന് യോജിക്കുന്നതല്ലെന്ന് പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ടി.വി കാണരുതെന്നും സിനിമയോട് മുഖംതിരിക്കണമെന്നുമുള്ള വാദം അംഗീകരിക്കാനാവില്ലെന്ന് ‘ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റിവ് സ്റ്റഡീസി’ ലെ മുഹമ്മദ് മന്‍സൂര്‍ ആലം പറഞ്ഞു.

എന്നാല്‍ മുസ്‌ലിം ചെറുപ്പക്കാര്‍ മതപരമായ വഴിയില്‍ നിന്നും വ്യതിചലിക്കാതിരിക്കാനുള്ള നീക്കമാണിതെന്നാണ് ജംഇയ്യത്ത് വ്യക്തമാക്കി. പശ്ചാത്യ സംസ്‌കാരം ചെറുപ്പക്കാര്‍ക്കിടയില്‍ അപകടകരമായ ഫലങ്ങളുളവാക്കുമെന്നും ഇത് തടയാന്‍ ശക്തമായ നടപടികളെടുക്കണമെന്നും സംഘടന അഭിപ്രായപ്പെട്ടു.