ഇസ്‌ലാമാബാദ്: പാകിസ്ഥാനുമായി ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ എന്തു വിലകൊടുത്തും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്ന് ജമാ അത്തുദ്ദഅവ മേധാവി ഹാഫിസ് മുഹമ്മദ് സഈദിന്റെ ഭീഷണി. അടുത്തിടെ നടന്ന ഇന്ത്യ പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചക്ക് ഇന്ത്യയാണ് മുന്‍കൈയെടുത്തത്. തുടര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെങ്കില്‍ പാകിസ്താന്‍ അടങ്ങിയിരിക്കില്ലെന്നാണ് സഈദിന്റെ മുന്നറിയിപ്പ്.

ഇന്ത്യ ചര്‍ച്ചക്ക് തയ്യാറാവുന്നില്ലെങ്കില്‍ യുദ്ധം വേണമെന്നാണ് അതിനര്‍ഥമെന്നും അങ്ങനെയെങ്കില്‍ എന്തു വിലകൊടുത്തും യുദ്ധം നടത്തുമെന്നും സഈദ് പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിനുപിന്നില്‍ ജമാ അത്തുദ്ദവയാണെങ്കില്‍ അത് ഇന്ത്യ കോടതിയില്‍ തെളിയിക്കണം. പാകിസ്ഥാന്റെത് പേടിത്തൊണ്ടന്‍ സര്‍ക്കാറാണെന്നും ആവശ്യമെങ്കില്‍ ഇന്ത്യക്കെതിരായ വിശുദ്ധയുദ്ധത്തിന് പാക് ജനങ്ങള്‍ കശ്മീരിലേക്ക് നീങ്ങുമെന്നും സഈദ് മുന്നറിയിപ്പുനല്‍കി. മുംബൈ ഭീകരാക്രമണത്തിനുശേഷം ആദ്യമായി ഇന്ത്യപാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടന്ന് ദിവസങ്ങള്‍ക്കകമാണ് സഈദിന്റെ ഈ പ്രതികരണമുണ്ടായത്.