എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ ആര്‍.എസ്.എസ്സിന്റെ വഴിയേ ജമാഅതെ ഇസ്‌ലാമിയും
എഡിറ്റര്‍
Monday 7th January 2013 11:59am

ന്യൂദല്‍ഹി: സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിനായി മിക്‌സഡ് സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാതാക്കണമെന്ന് ജമാഅതെ ഇസ്‌ലാമി(ജെ.ഐ.എച്ച്) നിര്‍ദേശം.

പെണ്‍കുട്ടികള്‍ ‘മാന്യമായ’ വേഷം ധരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ജസ്റ്റിസ് ജെ.എസ് വര്‍മ കമ്മിറ്റിക്ക് നല്‍കിയ നിര്‍ദേശത്തിലാണ് ജമാഅതെ ഇസ്‌ലാമി ഇക്കാര്യങ്ങള്‍ പറയുന്നത്.

Ads By Google

എല്ലാ തലങ്ങളിലും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസം ഒരുക്കണം. അവിവാഹിതരായ ആണും പെണ്ണും ഒന്നിച്ച് താമസിക്കുന്നത് വിലക്കുകയും നിയമവിരുദ്ധമാക്കുകയും ചെയ്യുക, വിവാഹം പെട്ടന്ന് നടത്തുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുക എന്നീ നിര്‍ദേശങ്ങളാണ് സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്.

മൊത്തം 11 നിര്‍ദേശങ്ങളാണ് ജമാഅതെ ഇസ്‌ലാമി വര്‍മ കമ്മിറ്റിക്ക് നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനെ ജെ.ഐ.എച്ച് സ്വാഗതം ചെയ്തു.

സ്ത്രീപീഡകരെ പൊതു ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് തൂക്കിലേറ്റണമെന്നും സംഘടന ശുപാര്‍ശ ചെയ്യുന്നു. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്കുള്ള ശിക്ഷ എന്താവുമെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും സംഘടന പറയുന്നു.

ജെ.ഐ.എച്ച് സെക്രട്ടറി ജനറല്‍ നുസ്രത് അലിയാണ് കമ്മീഷന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.

സ്ത്രീപീഡനങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും ഭാരതത്തിലല്ലെന്നുമുള്ള ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പരാമര്‍ശം നേരത്തേ വിവാദമയിരുന്നു. ഇതിന് പിന്നാലെ വന്ന സ്ത്രീകള്‍ വീട്ടുജോലികള്‍ മാത്രം ചെയ്ത് ഒതുങ്ങി ജീവിക്കണമെന്ന മോഹന്‍ ഭഗവതിന്റെ  പ്രസ്താവനയും വിവാദമായിരുന്നു.

സ്ത്രീപീഡനത്തിന് കാരണം സ്ത്രീകളുടെ അതിര് കടന്ന പെരുമാറ്റമാണെന്ന് ബി.ജെ.പി നേതാവ് വിജയ് വര്‍ജിയയും അഭിപ്രായപ്പെട്ടിരുന്നു.

Advertisement