അമൃത്‌സര്‍: ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല എക്കാലവും ബ്രിട്ടണെ ലജ്ജിപ്പിക്കുന്നുവെന്ന് ബ്രിട്ടിഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍. വ്യാഴാഴ്ച ജാലിയന്‍ വാലാ ബാഗ് സന്ദര്‍ശിച്ചതിനിടെയാണ് കാമറൂണ്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

Ads By Google

Subscribe Us:

നിരപരാധികളായ ഇന്ത്യന്‍ ചെറുപ്പക്കാരെ ക്രൂരമായി കൊന്ന ബ്രിട്ടണ്‍ സംഘത്തിന്റെ നടപടി ബ്രിട്ടണിന്റെ ചരിത്രത്തില്‍ എന്നും അപമാനകരമായി നിലനില്‍ക്കുമെന്നും  ആ സമയത്ത് അന്നത്തെ വിദേശകാര്യ സെക്രട്ടറി  വിസ്റ്റണ്‍ ചര്‍ച്ചില്‍ ഇതൊരു പൈശാചികമായ നടപടിയാണെന്നാണ് വിലയിരുത്തിയിരുന്നതെന്നും കാമറൂണ്‍ അഭിപ്രായപ്പെട്ടു.

ഞങ്ങള്‍ അന്ന് ഇവിടെ സംഭവിച്ചതൊരിക്കലും മറക്കില്ല, സമാധാനപരമായ പ്രതിഷേധത്തിന് എന്നും പ്രാധാന്യം നല്‍കുന്ന രാജ്യമാണ് തങ്ങളുടേതെന്നും  കാമറൂണ്‍ പറഞ്ഞു.

ജാലിയന്‍ വാലാ ബാഗ് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാന മന്ത്രിയാണ് ഡേവിഡ് കാമറൂണ്‍. ഈ ക്രൂരകൃത്യത്തിന് മുകളില്‍ അദ്ദേഹം ക്ഷമാപണം നടത്തിയിട്ടില്ല.

ജാലിയന്‍ വാലാബാഗ് മെമ്മോറിയലിനു മുന്നില്‍ അദ്ദേഹം ആദാരാഞ്ജലികളര്‍പ്പിച്ചു. 1919 ഏപ്രില്‍ 13 നാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകളെ പൈശാചികമായി ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടണ്‍ കൊന്നൊടുക്കിയത്.

നിരായുധരായ ഇന്ത്യക്കാരെ ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന വെടിവെച്ച് കൊല്ലുകയായിരുന്നു.

1997 ല്‍ എലിസബത്ത് രാഞ്ജിയും ജാലിയന്‍ വാലാബാഗ് സന്ദര്‍ശിക്കുകയും ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്തിരുന്നു.