ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്ദിരാസാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ദയില്‍ ജലസത്യാഗ്രഹം നടത്തുകയായിരുന്ന ഗ്രാമീണരെ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു.

ഇന്ദിരാസാഗര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പതിനാല് ദിവസമായി  ഗ്രാമവാസികള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി നിന്ന് സമരം നടത്തുകയായിരുന്നു. ഹാര്‍ദയിലെ ഖാര്‍ദ്‌ന, ബദ്ഖാലിയ ഗ്രാമങ്ങളില്‍ നിന്നുള്ള നൂറോളം പേരാണ് സമരം നടത്തുന്നത്. ഇവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഒഴിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Ads By Google

ഓംകാരേശ്വര്‍ ഡാമിന്റെ ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യവുമായി സമരം ചെയ്ത ഗോഗാല്‍ഗ്വന്‍ ഗ്രാമവാസികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത് ഹര്‍ദയിലെ സമരക്കാര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സമരക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ പോലീസ് എത്തുകയായിരുന്നു.

പോലീസെത്തിയതോടെ ഗ്രാമവാസികള്‍ കൂടുതല്‍ ആഴത്തിലിറങ്ങി പ്രതിഷേധം തുടര്‍ന്നെങ്കിലും പോലീസ് ഇവരെ ബലം പ്രയോഗിച്ച് സമരസ്ഥലത്ത് നിന്നും നീക്കം ചെയ്തു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പോലീസ് സജ്ജമാക്കിയിട്ടുണ്ട്. പ്രതിഷേധ സ്ഥലത്ത് 1500 ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘത്തെയാണ് വിന്യസിച്ചിരുന്നത്.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി പ്രദേശത്ത് 144 ഉം പ്രഖ്യാപിച്ചിരുന്നു. ഹാര്‍ദയില്‍ നിന്നും ബേതുള്‍, ഹൊഷാന്‍ഗാബാദ് ജില്ലകളില്‍ നിന്നുമാണ് ഇവിടേക്ക് പോലീസിനെ വിന്യസിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 262 മീറ്ററില്‍ നിന്നും 260 മീറ്ററായി നിജപ്പെടുത്തണമെന്നും വെള്ളം കയറി ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമി നല്‍കണമെന്നുമാണ് ഗ്രാമവാസികളുടെ ആവശ്യം.

എന്നാല്‍ 19 ഗ്രാമങ്ങളെ ഭീഷണിയിലാഴ്ത്തുന്ന ഇന്ദിരാസാഗര്‍ ഡാമിന്റെ ജലനിരപ്പ് താഴ്ത്താനാവില്ലെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ വിവിധ മനുഷ്യവകാശസംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.