കാന്‍കുണ്‍: മെക്‌സിക്കോയിലെ കാന്‍കുണില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് വിവാദമാവുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര കരാറില്‍ പങ്കാളിയാകാമെന്ന് ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രതിനിധിയായ ജയറാം രമേശ് അഭിപ്രായപ്പെട്ടത്. മുഖ്യപ്രതിപക്ഷമായ ബി ജെ പി ഉള്‍പ്പടെയുള്ളവര്‍ ജയറാം രമേശിനെതിരേ രംഗത്തെത്തി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ വര്‍ഷങ്ങളായി ഇന്ത്യ സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമായിരുന്നു ജയറാം രമേശിന്റെ അഭിപ്രായപ്രകടനം.

Subscribe Us:

കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിന് എല്ലാ രാഷ്ട്രങ്ങളും അന്താരാഷ്ട്രകരാറില്‍ ഭാഗമാകണം എന്നാണ് ജയറാം രമേശ് അഭിപ്രായപ്പെട്ടത്. ഇത്തരമൊരു കരാറിന് ഇന്ത്യ തയ്യാറാണെന്നും എന്നാല്‍ ഇപ്പോഴല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടില്‍ മാറ്റം വന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ ജയറാം രമേശിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

വിഷയത്തില്‍ ഇന്ത്യയുടെ നിലപാടാണോ ജയറാം രമേശിന്റേത് എന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി ബി ജെ പി രംഗത്തെത്തി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രസ്താവന നടത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

എഴുതി തയ്യാറാക്കിയ പ്രസംഗത്തിന് വിഭിന്നമായുള്ള നിലപാടാണ് രമേശ് സ്വീകരിച്ചതെന്നും ബി ജെ പി ആരോപിച്ചു.