തൊടുപുഴ: മൂന്നുവയസ്സുകാരനെ നായക്കൊപ്പം ചങ്ങലയില്‍ പൂട്ടിയിട്ട് മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും മുത്തച്ഛനും തടവ്. രണ്ടരവര്‍ഷത്തെ തടവും 3000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.

കുട്ടിയുടെ പിതാവായ ഉടുമ്പന്‍ചോല കൈലാസം 10 ഏക്കര്‍ ഭാഗത്ത് കൊച്ചുപുരയ്ക്കല്‍ ബെന്നി (28), അമ്മ മഞ്ജു (26), ബെന്നിയുടെ പിതാവ് ആന്റണി (കൊച്ച് 57) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മൂന്നരവയസുകാരന്‍ ആരോമലിനെ പീഡിപ്പിച്ചുകൊല്ലുക എന്ന ഉദ്ദേശത്തോടെ നായക്കൊപ്പം കെട്ടിയിടുകയായിരുന്നു ഇവര്‍.

ബെന്നിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ ബന്ധു മുള്ളരിക്കുടി കാറ്റാടിപാറ സ്വദേശി ചാക്കോച്ചന്‍ കുട്ടിയുടെ ദുരവസ്ഥ കണ്ട് കൈലാസം പള്ളി വികാരി ഫാ. മര്‍ക്കോസിനെ വിവരം അറിയിച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. ആരോമലിന്റെ വലതു കാലില്‍ ചങ്ങല ചുറ്റി താഴിട്ട് പൂട്ടിയശേഷം വീട്ടിലെ നായയോടൊപ്പം വരാന്തയിലെ തൂണില്‍ പൂട്ടിയിടുകയായിരുന്നു പതിവ്.

മറ്റൊരു പട്ടിയെ വീട്ടുവളപ്പില്‍ അഴിച്ചു വിട്ടിരുന്നതിനാല്‍ ആര്‍ക്കും കുട്ടിയുടെ അടുത്തെത്താന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ വലതു കൈപ്പത്തി മുത്തച്ഛന്‍ ആന്റണി സിഗരറ്റു കുറ്റികൊണ്ടു പൊള്ളിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.

ബെന്നിക്കും, ഭാര്യ മഞ്ജുവിനും വിവാഹത്തിനു മുമ്പുണ്ടായ കുട്ടിയാണ് ആരോമല്‍. കുട്ടി ജീവനോടെയിരിക്കുന്നത് നിയമപരമായി ഇവരുടെ വിവാഹം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും എന്ന് ഭയന്ന് മഞ്ജുവിന്റെ മാതാപിതാക്കള്‍ കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.