എഡിറ്റര്‍
എഡിറ്റര്‍
മഅദനിയുടെ ചികിത്സ:ജയില്‍ അധികൃതര്‍ക്ക് ഉത്തരവ് ലഭിച്ചു
എഡിറ്റര്‍
Friday 29th November 2013 6:54am

madhani-444

ബാംഗലൂര്‍:  ബാംഗലൂര്‍ സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് ബാംഗലൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചു.

ചികിത്സാച്ചിലവിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ആശുപത്രി അധികൃതരുമായും ആഭ്യന്തര മന്ത്രാലയവുമായും ജയില്‍ അധികൃതര്‍ സംസാരിച്ചതിന് ശേഷം മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

ഇതിനിടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെത്തുടര്‍ന്ന് മഅദനി ജയിലില്‍ കുഴഞ്ഞുവീണതായി പി.ഡി.പി സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.

തുടര്‍ന്ന് ജയില്‍ ജീവനക്കാര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ട മഅദനിയെ ജയിലിലേക്ക് തന്നെ മാറ്റി.

കഴിഞ്ഞ മാസം മഅദനിയെ ശസ്ത്രക്രിയ്യയ്ക്ക് വിധേയനാക്കാന്‍ അഗര്‍വാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പ്രമേഹം നിയന്ത്രണവിധേയമല്ലാത്തതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നീട്ടി വെയ്ക്കുകയാണുണ്ടായത്.

ഒരു മാസത്തിനകം പ്രമേഹം  നിയന്ത്രണവിധേയമാക്കിയതിന് ശേഷം ശസ്ത്രക്രിയ പരിഗണിക്കാനായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്.

അതേസമയം വിദഗ്ധ ചികിത്സയ്ക്കായി മഅദനിയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കിയിരുന്നില്ല.

അതിനിടെ തുടര്‍ച്ചയായ മൂന്നാം ദിവസവും കേസിലെ സാക്ഷികളെ ഹാജരാക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞിട്ടില്ല.

Advertisement