തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്പിള്ളപിള്ളയ്ക്ക് ഉപാധികളില്ലാതെ പരോള്‍ അനുവദിച്ചു. പത്തുദിവസത്തേക്കാണ് ആഭ്യന്തര വകുപ്പ് പിള്ളയ്ക്ക് പരോള്‍ അനുവദിച്ചത്.

നേരത്തേ ഉപാധികളോടെ പരോള്‍ വേണ്ടെന്ന് ബാലകൃഷ്പിള്ള അറിയിച്ചതിനെത്തുടന്ന് അദ്ദേഹത്തിന്റെ പരോള്‍ മരവിപ്പിച്ചിരുന്നു . ഉപാധികളോടെയായിരുന്നു ഇത്തവണ ജയില്‍ വകുപ്പ് പിള്ളക്ക് പരോള്‍ അനുവദിച്ചിരുന്നത്. പൊതു വേദികളിലോ ചടങ്ങുകളിലോ പങ്കെടുക്കാന്‍ പാടില്ലെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യരുതെന്നുമായിരുന്നു നിബന്ധനകള്‍.

23 ദിവസത്തെ പരോളിനുശേഷം ഈ മാസം 12-ാം തീയ്യതിയാണ് പിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തിയത്. പരോള്‍ സമയത്ത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് മുന്‍മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ജയില്‍ ഡി.ജി.പി പിള്ളക്ക് നോട്ടീസ് നല്‍കിയിരുന്നു.

ജയില്‍ നിബന്ധനകള്‍ക്ക് പുറമെ നാലോളം നിബന്ധനകളാണ് ജയിലധികൃതര്‍ ബാലകൃഷ്ണപിള്ളയുടെ പരോളിനായി ഏര്‍പ്പെടുത്തിയിരുന്നത്. ഭാര്യയുടെ അസുഖത്തിന് ചികിത്സക്കായി 10 ദിവസത്തെ പരോള്‍ കൂടി നല്‍കണമെന്ന അപേക്ഷയാണ് ഇപ്പോള്‍ ജയില്‍വകുപ്പ് മരവിപ്പിച്ചിരിക്കുന്നത്.