എഡിറ്റര്‍
എഡിറ്റര്‍
യുവാവിന്റേയും യുവതിയുടേയും ചിത്രം പ്രചരിപ്പിച്ച് കുലീനതയുടെ ആസ്ഥാന സംരക്ഷകര്‍ ചമയുന്നവരോടുള്ളത് വിയോജിപ്പും എതിര്‍പ്പും മാത്രം : യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ നിലപാട് വിശദീകരിച്ച് ജെയ്ക്ക്
എഡിറ്റര്‍
Sunday 12th February 2017 9:48am

jaickph

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നിലപാട് വിശദീകരിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്.

ജിജീഷ് എന്ന യുവാവിന് കോളജ് ക്യാംപസിനുള്ളില്‍ വച്ച് മര്‍ദനമേല്‍ക്കേണ്ടി വന്നത് അങ്ങേയറ്റം അപലപനീയവും ദൗര്‍ഭാഗ്യകരവുമാണെന്ന് ജെയ്ക്ക് പറഞ്ഞു.

ആ യുവാവിന്റെയും യുവതിയുടെയും ഒരുമിച്ചുള്ള ചിത്രം പ്രചരിപ്പിക്കുന്നവരോടും, സ്വകാര്യതയുടെ വമ്പു തകര്‍ത്ത് കുലീനതയുടെയും തറവാട്ടു മഹിമയുടെയും ആസ്ഥാന സംരക്ഷകര്‍ ചമയുന്നവരോടും ‘അനാശാസ്യ’ത പ്രചരിപ്പിക്കുന്ന പൊതുബോധത്തിന്റെ കാവല്‍പ്പടയാളികളോടും ഉള്ളത് കലര്‍പ്പില്ലാത്ത വിയോജിപ്പും ഒരിഞ്ചു വിട്ടു വീഴ്ചയില്ലാത്ത എതിര്‍പ്പും മാത്രമാണെന്നും ജെയ്ക്ക് പറയുന്നു.

  ഏതൊരു ഘട്ടത്തിലും ഏകപക്ഷീയമായ കായികാക്രമം എസ്.എഫ്.ഐയുടെ നയമല്ല. ഒഴിവാക്കപ്പെടേണ്ടിയിരുന്ന അത്തരമൊരു അക്രമണത്തില്‍ എസ്.എഫ്.ഐയുടെ മെമ്പര്‍ഷിപ്പെങ്കിലുമുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നതില്‍ സംശയമില്ല.

പുറത്തു നിന്നെത്തിയ ഒരു യുവാവ് പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തി എന്നത് കയ്യൂക്കു കൊണ്ട് മറുപടി പറയാന്‍ മാത്രമുള്ള ഒരു മഹാ അപരാധമായി ഒരു കാരണവശാലും കാണാന്‍ കഴിയില്ല.


Dont Miss യൂണിവേഴ്‌സിറ്റി കോളജിലേത് ‘സംഘിമോഡല്‍’ ആക്രമണം: എസ്.എഫ്.ഐയുടെ കൊടിപിടിക്കാന്‍ ഇനി അവരെ അനുവദിക്കരുത്: ആഷിഖ് അബു 


ക്ലാസ്മുറിയില്‍ വിദ്യാര്‍ഥികള്‍ക്ക് അലോസരമുണ്ടാക്കുന്ന അപരസാന്നിധ്യവും ഏതു സാഹചര്യത്തിലും സൃഷ്ടിക്കപ്പെടുന്ന കയ്യൂക്കിന്റെ ബലപ്രയോഗത്തെയും ഒരേപോലെ തള്ളിക്കളയുന്നെന്നും ജെയ്ക്ക് വ്യക്തമാക്കി.

പൊതുബോധത്തിനും ഭൂരിപക്ഷ മതത്തിന്റെ വ്യവസ്ഥാ സംരക്ഷണ നിലപാടുകളോടും എക്കാലവും കലഹിച്ചും കലാപം ചെയ്തും തന്നെയാണ് കലാലയങ്ങളുടെ ഹൃദയപക്ഷമായി എസ്.എഫ്.ഐ മാറിയത്.അതുകൊണ്ട് തന്നെ നിരന്തരമായ തിരുത്തലുകള്‍ തന്നെയാണ് ഇടതുപക്ഷമെന്നാണ് പരിമിതമായ അറിവിലും രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കിയ അനുഭവപാഠങ്ങള്‍ പറഞ്ഞു നല്‍കിയിട്ടുള്ളത്.

ശരിതെറ്റുകളില്‍ ഭൂരിപക്ഷത്തിന്റെ കണക്കെടുക്കാതെ പതറാതെ ശരികളെ തന്നെ പതാകയാക്കി എസ്.എഫ്.ഐ ഇനിയും മുന്നോട്ടു തന്നെ നീങ്ങും. സദാചാര സംരക്ഷണത്തിന്റെ ക്ലാസ്സെടുക്കാന്‍ വരുന്ന സംഘപരിവാറിനെയും അവരുടെ കളിപ്പാവകളായി മാത്രമാടുന്ന മറ്റു ‘ചില’ സംഘടനകളെയും അവരുടെ വാദങ്ങളെയും അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളുന്നെന്നും ജെയ്ക്ക് പറയുന്നു. അതേസമയം ക്ലാസ്മുറിയില്‍ കയറിയിരുന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന മുന്‍ നിലപാട് ജെയ്ക്ക് തന്റെ ഈ ഫേസ്ബുക്ക് കുറിപ്പിലും ആവര്‍ത്തിക്കുന്നുണ്ട്.

വിഷയത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന ഏഷ്യാനെറ്റിനെതിരെയും ജെയ്ക്ക് രംഗത്തെത്തി. ഏഷ്യാനെറ്റ് എസ്.എഫ്.ഐ വിരുദ്ധ പൊതുബോധ നിര്‍മിതിക്കായുള്ള അശ്ലീല പ്രവണതകളില്‍ ചാംപ്യന്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മഹാരാജാസ് കോളജിലും ലോ അക്കാദമിയിലും മടപ്പള്ളി കോളജിലും യുണിവേഴ്‌സിറ്റി കോളജിലും ഒരേപോലെ എസ്.എഫ്.ഐ വിരുദ്ധ വാര്‍ത്തകളുടെ നിര്‍മിതിക്കായാണ് ഏഷ്യാനെറ്റ് ശ്രമിക്കുന്നതെന്നും ജെയ്ക്ക് കുറ്റപ്പെടുത്തി.

രാജീവ് ചന്ദ്രശേഖരനെന്ന സംഘപരിവാര്‍ നേതാവായ ചാനല്‍ മേധാവിയുടെ മനമറിഞ്ഞു പെരുമാറുന്ന വാര്‍ത്താ അവതാരകനെ ഓര്‍മിപ്പിക്കുന്നത് കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രയോഗത്തെയാണ്. ചോംസ്‌കിയുടെ ‘മാധ്യമ അരിപ്പകളും’ ബോധ നിര്‍മിതിയില്‍ ‘കമ്യൂണിസ്റ്റ് വിരുദ്ധതയും’ നിര്‍ദയമായ യാഥാര്‍ഥ്യമാണെന്നു തന്നെയാണ് ഏഷ്യാനെറ്റും തെളിയിക്കുന്നതെന്നും ജെയ്ക്ക് പറയുന്നു.

Advertisement