പ്രശസ്തനായ ഗസല്‍ ഗായകന്‍ ജഗജിത് സിംഗ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനായ ശേഷമാണ് ജഗ്ജിത് സിങിന്റെ അവസ്ഥ ഗുരുതരമായത്. മുംബൈയിലെ ലീലാവതി ആശുപത്രിയിലെ ഐ.സിയുവിലാണ് ജഗ്ജിത് സിങ് കഴിയുന്നത്.

എഴുപതുകാരനായ ജഗജിത് സിംഗിന്റെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം തങ്ങളുടെ സൂക്ഷമ നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രോഗിയുടെ സ്വകാര്യത മാനിക്കുന്നതിനാല്‍ തങ്ങള്‍ കൂടുതലൊന്നും പറയുന്നില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റൊരു ഗസല്‍ മാന്ത്രികനായ ഗുലം അലിയോടൊപ്പം ഗസല്‍ ആലപിക്കുന്നതിനിടെയാണ് ജഗജിത് സിങിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഓപ്പറേഷന് വിധേയനാക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.

ഹൃദയസംബന്ധമായ അസുഖങ്ങളും ജഗജിത്‌സിങിനെ അലട്ടിയിരുന്നു. ഹിന്ദി, ഉര്‍ദു, പഞ്ചാബി തുടങ്ങിയ ഭാഷകളില്‍ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് ജഗജിത് സിംഗ്.