എഡിറ്റര്‍
എഡിറ്റര്‍
ജഗതിയുടെ ശരീരം ചലിച്ചുതുടങ്ങി, ഭാര്യയുടെയും മകളുടെയും ശബ്ദം തിരിച്ചറിഞ്ഞു
എഡിറ്റര്‍
Thursday 12th April 2012 9:20am

കോഴിക്കോട്: കാറപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി. തീവ്രപരിചരണ വിഭാഗത്തിലെ പ്രത്യേക മുറിയില്‍ അദ്ദേഹത്തിന്റെ ശരീരം ചെറിയതോതില്‍ ചലിച്ചുതുടങ്ങിയിരിക്കുന്നു. എങ്കിലും എഴുന്നേറ്റിരിക്കാന്‍ ആയിട്ടില്ല.

ഭാര്യശോഭയുടെയും മകള്‍ പാര്‍വ്വതിയുടെയും ശബ്ദം ജഗതി തിരിച്ചറിയുന്നുണ്ട്. ഭാര്യയും മകളും കൊച്ചുമക്കളുടെ വിശേഷങ്ങള്‍ പറയുമ്പോള്‍ ജഗതി ചെറുതായൊന്ന് പുഞ്ചിരിക്കും.

കണ്ഠനാളം തുളച്ചിട്ട കുഴലിലൂടെയാണ് അദ്ദേഹം ശ്വസിക്കുന്നത്. ഭക്ഷണം കഴിക്കുന്നത് കുഴലിലൂടെയാണ്. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് ഇപ്പോഴദ്ദേഹത്തിന് നല്‍കുന്നത്.

മാര്‍ച്ച് 10 ശനിയാഴ്ച പുലര്‍ച്ചെ കാലിക്കറ്റ് സര്‍വ്വകലാശാലക്ക് സമീപം പാണമ്പ്രയില്‍ ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ ഡിസൈവഡറിലിടിച്ചാണ് അപകടമുണ്ടായത്. കാലും കൈയും വാരിയെല്ലുമെല്ലാം പൊട്ടി വയറ്റില്‍ രക്തസ്രാവവും ശരീരം നിറയെ മുറിവുകളുമായാണ് ജഗതിയെ ആശുപത്രിയിലെത്തിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ ജഗതി അപകടനില തരണം ചെയ്‌തെങ്കിലും സംസാരിക്കാനോ എഴുന്നേറ്റിരിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല.

ഭാര്യശോഭയും മകള്‍ പാര്‍വതിയും മരുമകന്‍ ഷോണ്‍ ജോര്‍ജും അളിയന്‍ ശ്രീകുമാറുമാണ് ജഗതിയ്‌ക്കൊപ്പം ആശുപത്രിയിലുള്ളത്. മകന്‍ രാജ്കുമാര്‍ ചിക്കന്‍പോക്‌സ് ബാധിച്ചതിനാല്‍ നാട്ടിലേക്ക് തിരിച്ചു.

ജഗതിയെ കാണാന്‍ നിരവധി പ്രമുഖരാണ് ആശുപത്രിയിലെത്തുന്നത്. നടന്‍ മമ്മൂട്ടി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖര്‍ ജഗതിയെ സന്ദര്‍ശിച്ചിരുന്നു. നേരത്തെ വന്നവരും നേരിട്ട് വരാന്‍ സാധിക്കാത്ത മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും നിരന്തരം ഫോണില്‍ അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

Advertisement